തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ തെളിഞ്ഞ കാലാവസ്ഥ; ലോങ്ങ് വീക്കെൻഡ് ആഘോഷമാക്കാൻ ജനം

മെൽബൺ: വേനൽക്കാലത്തിന്റെ അവസാന നാളുകളിൽ റെക്കോർഡ് മഴ ലഭിച്ചതിന് പിന്നാലെ, വരാനിരിക്കുന്ന ‘ലോങ്ങ് വീക്കെൻഡിൽ’ തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥ പ്രവചിക്കപ്പെടുന്നു. വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിൽ തിങ്കളാഴ്ച പൊതു അവധിയായതിനാൽ വിവിധ പരിപാടികളിലായി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

മെൽബണിൽ ലേബർ ഡേ വാരാന്ത്യത്തോടനുബന്ധിച്ച് നടക്കുന്ന ഗ്രാൻഡ് പ്രിക്‌സ് മുംബ പരേഡ് എന്നിവ കാണാൻ പത്ത് ലക്ഷത്തിലധികം ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സൗത്ത് ഓസ്‌ട്രേലിയയിൽ തിങ്കളാഴ്ച നടക്കുന്ന അഡ്‌ലെയ്‌ഡ് കപ്പ് ആഘോഷിക്കാനും ടാസ്മാനിയയിൽ എയിറ്റ് അവേഴ്‌സ് ഡേ ആചരിക്കാനും വൻ ജനത്തിരക്ക് അനുഭവപ്പെടും. ഈ മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമായും മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മെൽബണിൽ വാരാന്ത്യത്തിന്റെ തുടക്കത്തിൽ നേരിയ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നഗരത്തിൽ പരമാവധി 21 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഗിപ്സ്‌ലാൻഡ് മേഖലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വിക്ടോറിയയുടെ വടക്കൻ ഭാഗങ്ങളിൽ പൊതുവെ വെയിലുള്ള കാലാവസ്ഥയായിരിക്കും. പടിഞ്ഞാറ് അഡ്‌ലെയ്‌ഡിൽ 27 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ള തെളിഞ്ഞ കാലാവസ്ഥയോടെയായിരിക്കും വാരാന്ത്യം ആരംഭിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *