സിഡ്‌നി: പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് മുൻ ലിബറൽ പാർട്ടി എം.പി റോറി ആമോൻ (37) കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വെള്ളിയാഴ്ച നാല് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ജൂറി വിധി പ്രസ്താവിച്ചത്. പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനും കുട്ടിയെ അപമാനിച്ചതിനുമുള്ള രണ്ട് കുറ്റങ്ങളിലാണ് ആമോൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കേസിൽ ആമോൻ നേരിടുന്ന രണ്ടാമത്തെ വിചാരണയായിരുന്നു ഇത്. നേരത്തെ മാർച്ചിൽ നടന്ന ആദ്യ വിചാരണയിൽ, കുട്ടികൾക്കെതിരായ മറ്റ് എട്ട് ലൈംഗികാതിക്രമ കുറ്റങ്ങളിൽ നിന്ന് മറ്റൊരു ജൂറി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും, വെള്ളിയാഴ്ച വിധി വന്ന രണ്ട് കുറ്റങ്ങളിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല.
അഡൾട്ട്സ്-ഒൺലി വെബ്‌സൈറ്റ് വഴിയാണ് ആമോൻ 13 വയസ്സുകാരനെ പരിചയപ്പെട്ടതെന്ന് കോടതിയിൽ വ്യക്തമായി. ആപ്പിൽ രജിസ്റ്റർ ചെയ്തപ്പോഴും ആമോനുമായി സംസാരിച്ചപ്പോഴും കുട്ടി തന്റെ പ്രായം കൂട്ടിപ്പറഞ്ഞിരുന്നതായി ആദ്യ വിചാരണയിൽ വെളിപ്പെടുത്തിയിരുന്നു. 2017-ൽ കുട്ടിയുടെ അപ്പാർട്ട്മെന്റ് ബ്ലോക്കിലെ കാർപാർക്കിൽ വെച്ച് നേരിൽ കാണുന്നതിന് മുൻപ് ഇരുവരും അശ്ലീല ചിത്രങ്ങൾ കൈമാറിയിരുന്നതായും കോടതി കണ്ടെത്തി. കുട്ടിക്ക് 16 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് താൻ വിശ്വസിച്ചിരുന്നതായാണ് ആമോൻ കോടതിയിൽ വാദിച്ചത്.
സംഭവം നടക്കുന്ന സമയത്ത് മക്കെല്ലാർ ഫെഡറൽ എം.പി ജേസൺ ഫാലിൻസ്കിയുടെ ഓഫീസിൽ മുഴുവൻ സമയ ജീവനക്കാരനായി പ്രവർത്തിക്കുകയായിരുന്നു ആമോൻ. തുടർന്ന് നോർത്തേൺ ബീച്ചസ് കൗൺസിലിൽ രണ്ട് തവണ അംഗമായ ഇദ്ദേഹം 2023 മാർച്ചിലാണ് പിറ്റ്‌വാട്ടർ മണ്ഡലത്തിൽ നിന്ന് ലിബറൽ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പീഡനക്കേസ് ഉയർന്നതോടെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും എം.പി സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ സുരക്ഷിത മണ്ഡലമായിരുന്ന പിറ്റ്‌വാട്ടർ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മുന്നിൽ നഷ്ടമാകുകയും ചെയ്തിരുന്നു.
നിലവിൽ ജാമ്യത്തിലുള്ള ആമോന്റെ ശിക്ഷാവിധി നവംബർ 27-ന് പ്രസ്താവിക്കും. കടുത്ത തടവുശിക്ഷയാണ് ഇയാളെ കാത്തിരിക്കുന്നത്. സമീപ വർഷങ്ങളിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ മുൻ എൻ.എസ്.ഡബ്ല്യു എം.പിയാണ് റോറി ആമോൻ. മുൻ മന്ത്രിമാരായ ഗാരെത് വാർഡ് (2025), മിൽട്ടൺ ഓർക്കോപൗലോസ് (2023) എന്നിവരാണ് ഇതിനുമുൻപ് സമാനമായ കേസുകളിൽ ശിക്ഷിക്കപ്പെട്ടത്.

