ക്വീൻസ്‌ലൻഡിൽ കനത്ത മഴ തുടരുന്നു; മിന്നൽ പ്രളയ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണം

ബ്രിസ്‌ബേൻ: ക്വീൻസ്‌ലൻഡിന്റെ തെക്കുകിഴക്കൻ മേഖലകളിലും ഉൾപ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സൺഷൈൻ കോസ്റ്റ് ഉൾപ്പെടെയുള്ള തെക്കൻ തീരപ്രദേശങ്ങളിൽ ബ്യൂറോ ഓഫ് മെറ്റീരിയോളജി കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

നിലവിൽ സംസ്ഥാനത്തിന് മുകളിലൂടെ നീങ്ങുന്ന ഉഷ്ണമേഖലാ ന്യൂനമർദ്ദമാണ് കനത്ത മഴയ്ക്ക് കാരണമാകുന്നത്. സൺഷൈൻ കോസ്റ്റ് മേഖലയിൽ ഇന്ന് 130 മില്ലിമീറ്റർ മുതൽ 150 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരൂക്കിഡോർ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ കനത്ത മഴ പ്രളയത്തിന് കാരണമായേക്കാം.

തെക്കുകിഴക്കൻ മേഖലയിൽ എവിടെയാകും മഴ കൂടുതൽ ശക്തമാകുക എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, നാളെ രാവിലെ വരെ കാലാവസ്ഥ മോശമായി തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉൾപ്രദേശങ്ങളായ ടൂവൂംബ കിംഗ്രോയ് , റോമ എന്നിവിടങ്ങളിലും പ്രളയ ഭീഷണി നിലനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 170 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

സംസ്ഥാനത്തിന്റെ വടക്കൻ ഉൾപ്രദേശങ്ങളിലും മഴ ശക്തമാണ്. ഇന്ന് രാവിലെ മാത്രം ഏകദേശം ആറ് മണിക്കൂറിനുള്ളിൽ 50 മില്ലിമീറ്റർ മഴയാണ് ഈ മേഖലകളിൽ രേഖപ്പെടുത്തിയത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *