തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. വഴിയിൽ കിടക്കുന്ന തേങ്ങയെടുത്ത് ഗണപതിക്ക് ഉടച്ച ശേഷം ദൈവമേ രക്ഷിക്കണേ എന്ന് പറയുന്നതുപോലെയാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപനമെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ആർക്കും എന്തും പറയാമെന്ന നിലപാടാണ് യു.ഡി.എഫിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിൽ അതീവ സങ്കീർണ്ണമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കെ.എസ്.ആർ.ടി.സി കടന്നുപോകുന്നത്. ജീവനക്കാരുടെ കഠിനാധ്വാനം കൊണ്ടാണ് സ്ഥാപനം ഓരോ ദിവസവും മുന്നോട്ട് നീങ്ങുന്നത്. വഴിയിൽ കൂടി പോകുന്നവർക്ക് എന്തും പറയാം, പക്ഷേ പറയുന്നതിൽ കുറച്ചെങ്കിലും മര്യാദ വേണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കിയ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിലവിൽ കനത്ത നഷ്ടത്തിലാണെന്നും അവിടുത്തെ കെ.എസ്.ആർ.ടി.സി തകർച്ചയുടെ വക്കിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അർഹരായവർക്ക് മാത്രമാണ് നിലവിൽ യാത്രാ ആനുകൂല്യങ്ങൾ നൽകി വരുന്നത്. നഷ്ടമില്ലാതെ സ്ഥാപനത്തെ കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത്തരം അപ്രായോഗികമായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കരുതെന്നും ഗതാഗത മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യു.ഡി.എഫ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ

