ഇന്ധനക്ഷാമത്തിൽ വലഞ്ഞ് സൗത്ത് ഓസ്‌ട്രേലിയ; കരോണ്ടയിൽ പമ്പുകൾ അടച്ചു, വലഞ്ഞ് കർഷകരും ജനങ്ങളും

അഡലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. മല്ലീ മേഖലയിലെ കരോണ്ട (Karoonda) ടൗണിൽ ഇന്ധനം പൂർണ്ണമായും തീർന്നതോടെ ജനങ്ങൾ കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്. നിലവിൽ ഇന്ധനം നിറയ്ക്കാനായി 100 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇവിടുത്തെ താമസക്കാർ നേരിടുന്നത്. വൻകിട കമ്പനികൾ സിറ്റികളിലെ പമ്പുകൾക്ക് മുൻഗണന നൽകുകയും സ്വതന്ത്ര സർവീസ് സ്റ്റേഷനുകളെ അവഗണിക്കുകയും ചെയ്യുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രാദേശിക പമ്പുടമകൾ ആരോപിക്കുന്നു.

കരോണ്ടയിലെ ഏക സർവീസ് സ്റ്റേഷനായ ‘കരോണ്ട ഫ്യുവൽ സ്റ്റോപ്പിൽ’ പെട്രോളും ഡീസലും തീർന്നിട്ട് ദിവസങ്ങളായി. വിതരണം എപ്പോൾ പുനരാരംഭിക്കുമെന്ന് അറിയില്ലെന്ന് പമ്പുടമ ജാസ്മിൻ റസ്സൽ പറഞ്ഞു. പരിഭ്രാന്തിയിലായ ജനങ്ങൾ അമിതമായി ഇന്ധനം ശേഖരിക്കുന്നതാണ് (Panic buying) പ്രതിസന്ധി രൂക്ഷമാക്കിയത്. സ്കൂൾ ബസുകൾ, ഫയർ സർവീസ് വാഹനങ്ങൾ, കാർഷിക യന്ത്രങ്ങൾ എന്നിവയ്ക്ക് ഇന്ധനം ലഭിക്കാത്തത് മേഖലയെ നിശ്ചലമാക്കിയിരിക്കുകയാണ്. ഇന്ധനം തേടി പമ്പിലെത്തുന്ന വയോധികരും കർഷകരും നിരാശയോടെ മടങ്ങുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.

കരോണ്ടയ്ക്ക് പുറമെ ലമേരൂ, വൈയല്ല, സെഡൂണ, കിംബ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ പ്രതിസന്ധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഡലെയ്ഡ് ഹിൽസിലെ ചില പമ്പുകളിൽ ഡീസൽ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ 30 ദിവസത്തേക്കുള്ള ഇന്ധനം കരുതലുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും പമ്പുകളിൽ ഇന്ധനം എത്തുന്നില്ലെന്ന് ഉടമകൾ പരാതിപ്പെടുന്നു. ഇന്ധനക്കപ്പൽ എത്തുന്നതുവരെ ഈ പ്രതിസന്ധി തുടരാനാണ് സാധ്യത. അനാവശ്യമായി ഇന്ധനം ശേഖരിക്കരുതെന്നും അത്യാവശ്യക്കാർക്കായി സഹകരിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *