ഡെൻപാസർ: മെൽബൺ സ്വദേശിയായ യുവാവിനെ ബാലിയിലെ ആഡംബര വില്ലയിൽ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഓസ്ട്രേലിയൻ പൗരന്മാർക്ക് ഇന്തോനേഷ്യൻ കോടതി തടവുശിക്ഷ വിധിച്ചു. 32-കാരനായ സിവൻ രാദ്മാനോവിച്ചിനെ കൊലപ്പെടുത്തിയ കേസിൽ പയ ഐ മിഡിൽമോർ തുപൗ (27), മെവ്ലട്ട് കോസ്കുൻ (22) എന്നിവർക്ക് 16 വർഷം വീതവും, ഇവർക്ക് സഹായം നൽകിയ ഡാർസി ജെൻസണ് (24) 12 വർഷവുമാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ബാലിയിലെ പ്രശസ്തമായ കെരോബോക്കൻ ജയിലിലാകും ശിക്ഷ അനുഭവിക്കുക.
കഴിഞ്ഞ ജൂൺ 14-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. സിവൻ രാദ്മാനോവിച്ച് പങ്കാളിക്കും ബന്ധുക്കൾക്കുമൊപ്പം ബാലിയിൽ അവധിക്കാലം ആഘോഷിക്കവേ, ഒരു സംഘം ആഡംബര വില്ലയുടെ വാതിൽ ചുറ്റിക കൊണ്ട് തകർത്ത് അകത്തുകടക്കുകയും ബാത്ത്റൂമിൽ വെച്ച് സിവനെ വെടിവെച്ചു വീഴ്ത്തുകയുമായിരുന്നു. സനർ ഘാനിം എന്ന മറ്റൊരാളെ ലക്ഷ്യമിട്ടാണ് ക്വട്ടേഷൻ സംഘം എത്തിയതെങ്കിലും ആളുമാറി സിവൻ കൊല്ലപ്പെടുകയായിരുന്നു എന്നാണ് വിചാരണയ്ക്കിടെ വ്യക്തമായത്. വെടിയേറ്റ സനർ ഘാനിം പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
കടബാധ്യതയെത്തുടർന്ന് സനർ ഘാനിമിനെ ഭീഷണിപ്പെടുത്താൻ ഓസ്ട്രേലിയയിലുള്ള ഒരാളാണ് തങ്ങളെ അയച്ചതെന്ന് പ്രതികൾ സമ്മതിച്ചു. എന്നാൽ ഈ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ ഇവർ തയ്യാറായിട്ടില്ല. സിഡ്നിയിൽ പ്ലംബറായി ജോലി ചെയ്തിരുന്ന ജെൻസണാണ് കൊലപാതകത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതെന്ന് പോലീസ് കണ്ടെത്തി. ഇന്തോനേഷ്യൻ നിയമപ്രകാരം ആസൂത്രിത കൊലപാതകത്തിന് വധശിക്ഷ വരെ ലഭിക്കാമെന്നിരിക്കെയാണ് പ്രതികൾക്ക് 16 വർഷം തടവ് ലഭിച്ചത്.

