ചരിത്രകാരൻ ഡോ. കെ.എൻ പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനുമായ ഡോ. കെ.എൻ പണിക്കർ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

ആധുനിക ഇന്ത്യൻ ചരിത്രരചനയിൽ മാർക്സിയൻ വീക്ഷണം ഉയർത്തിപ്പിടിച്ച അദ്ദേഹം, കൊളോണിയൽ ഇന്ത്യയുടെ സാംസ്കാരിക-ബൗദ്ധിക ചരിത്രത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) മോഡേൺ ഹിസ്റ്ററി വിഭാഗം പ്രൊഫസറായും സോഷ്യൽ സയൻസ് സ്കൂൾ ഡീനായും ദീർഘകാലം സേവനമനുഷ്ഠിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ, കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെസിഎച്ച്ആർ) ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

1936-ൽ ഗുരുവായൂരിലായിരുന്നു ജനനം. പാലക്കാട് വിക്ടോറിയ കോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിൽ നിന്നായി ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി. ‘എഗെയ്ൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്’, ‘കൾച്ചർ, ഐഡിയോളജി ആൻഡ് ഹെജിമണി’, ‘ദ കൺസേൺഡ് ഇന്ത്യൻസ് ഗൈഡ് ടു കമ്മ്യൂണലിസം’ തുടങ്ങി നിരവധി ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ കർത്താവാണ്. വർഗീയതയ്ക്കെതിരെയും ചരിത്രത്തെ വക്രീകരിക്കുന്നതിനെതിരെയും നിരന്തരം ശബ്ദമുയർത്തിയിരുന്ന അദ്ദേഹം മതനിരപേക്ഷ മൂല്യങ്ങൾക്കായി നിലകൊണ്ട പൊതുബുദ്ധിജീവിയായിരുന്നു.

ഭാര്യ: പരേതയായ ഉഷാ പണിക്കർ. മക്കൾ: രാഗിണി, ശാലിനി. മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തിരുവനന്തപുരം ജവഹർ നഗറിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *