തിരുവനന്തപുരം: ടി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം. ലോകകപ്പ് കിരീട നേട്ടത്തിലും ടൂർണമെന്റിലെ മികച്ച താരത്തിനുള്ള (Player of the Tournament) പുരസ്കാര നേട്ടത്തിലും തിളങ്ങിയ സഞ്ജുവിനെ വിമാനത്താവള അധികൃതർ ഉപഹാരം നൽകി ആദരിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ വിമാനത്താവളത്തിലെത്തിയ താരത്തെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആരാധകരും ജനപ്രതിനിധികളും ഒത്തുചേർന്നിരുന്നു.
വിമാനത്താവള അധികൃതർക്ക് പുറമെ സംസ്ഥാന സർക്കാരിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി എന്നിവരും ചേർന്ന് സഞ്ജുവിനെ സ്വീകരിച്ചു. ലോകകപ്പ് ഫൈനലിൽ ഉൾപ്പെടെ നിർണ്ണായക പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ കിരീട വിജയത്തിൽ പ്രധാന പങ്കുവഹിച്ച സഞ്ജുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. താൻ കടന്നുപോയ പ്രതിസന്ധികളിൽ ഒപ്പം നിന്ന മലയാളി ആരാധകർക്കാണ് ഈ വിജയം സമർപ്പിക്കുന്നതെന്ന് വിമാനത്താവളത്തിന് പുറത്ത് ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് സഞ്ജു പറഞ്ഞു.

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ സഞ്ജുവിന്റെ നേട്ടം കേരളത്തിന് അഭിമാനമാണെന്നും വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായ പൗരസ്വീകരണം നൽകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിമാനത്താവളം മുതൽ വിഴിഞ്ഞത്തെ വസതി വരെ നീണ്ട വാഹന റാലിയിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്

