ന്യൂഡൽഹി: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ വിമർശനവുമായി മഹിളാ കോൺഗ്രസ് അധ്യക്ഷയും എം.പിയുമായ ജെബി മേത്തർ രംഗത്ത്. തനിക്ക് അയ്യായിരം പേരോട് പ്രണയമുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന സിനിമയിൽ അഭിനയിക്കുമ്പോൾ പറയാൻ കൊള്ളുന്ന ഡയലോഗ് മാത്രമാണെന്ന് അവർ പരിഹസിച്ചു. കുടുംബത്തിനകത്ത് നിന്നുതന്നെ ഗൗരവകരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഒരു മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ജെബി മേത്തർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിക്കെതിരെ ഉയർന്ന പരാതികളിൽ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ ഭാര്യക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പോലീസ് മന്ത്രിക്കൊപ്പമാണ് നിൽക്കുന്നതെന്നും ആഭ്യന്തര വകുപ്പിന്റെ വലിയ വീഴ്ചയാണിതെന്നും അവർ കൂട്ടിച്ചേർത്തു.
സിപിഎമ്മിലെ വനിതാ നേതാക്കളായ ശ്രീമതി ടീച്ചറും കെ.കെ. ശൈലജയും വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മഹിളാ കോൺഗ്രസിന്റെ പ്രതിഷേധത്തിൽ അണിനിരക്കണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു. ഗണേഷ് കുമാറിനെതിരെയുള്ള ആരോപണങ്ങൾ കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി എത്രയും വേഗം നടപടി സ്വീകരിക്കണമെന്നുമാണ് മഹിളാ കോൺഗ്രസിന്റെ ആവശ്യം.

