നടിയെ ആക്രമിച്ച കേസ്: ദിലീപിനും മറ്റ് പ്രതികൾക്കും ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി നടപടി. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി തെളിവുകൾ വേണ്ടവിധം പരിശോധിച്ചില്ലെന്നും ഗൂഢാലോചന തെളിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും സർക്കാർ അപ്പീലിൽ ആരോപിക്കുന്നു.

2025 ഡിസംബർ 8-നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ വിധി പറഞ്ഞത്. ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ദിലീപിനെ അന്ന് വിട്ടയച്ചത്.അപ്പീൽ വീണ്ടും പരിഗണിക്കുന്നതിനായി ഹൈക്കോടതി ഏപ്രിൽ മാസത്തിലേക്ക് മാറ്റി. ഗൂഢാലോചന കേസിലെ സുപ്രധാനമായ ഈ ഘട്ടം നിയമലോകവും സിനിമാ മേഖലയും അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *