ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് ലൊംബോക്കിലേക്ക് പോകുകയായിരുന്ന ഫെറിക്ക് തീപിടിച്ച് ഒരാൾ മരിച്ചു. 172 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
ബാലിയിലെ പദാംഗ്ബായ് തുറമുഖത്തുനിന്ന് ലൊംബോക്കിലെ ലെംബർ തുറമുഖത്തേക്ക് പോയ കെഎം പുത്രി യാസ്മിൻ ഫെറിക്കാണ് ലൊംബോക് കടലിടുക്കിൽ ബുധനാഴ്ച പുലർച്ചെ 4.39ഓടെ തീപിടിച്ചത്. രക്ഷപ്പെടുത്തിയവരെ ബാലിയിലെയും ലൊംബോക്കിലെയും തുറമുഖങ്ങളിലേക്ക് മാറ്റി. മരിച്ചയാൾ ഇന്തോനേഷ്യൻ പൗരനാണ്. രക്ഷപ്പെട്ടവരിൽ ഒരു ഓസ്ട്രേലിയൻ പൗരനും ഉൾപ്പെടുന്നു.
അപകടസ്ഥലത്ത് 200ലേറെ രക്ഷാപ്രവർത്തകരെ വിന്യസിച്ച് നിരവധി ബോട്ടുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫെറിക്ക് തീപിടിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫെറിയിൽ അനുവദിച്ചതിലധികം യാത്രക്കാരുണ്ടായിരുന്നോ എന്നതും അധികൃതർ പരിശോധിച്ചുവരികയാണ്. ഔദ്യോഗിക രേഖയിൽ 114 യാത്രക്കാരും 17 ജീവനക്കാരുമാണ് ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരുന്നത്.

