നാഗോയ: 20-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ശനിയാഴ്ചയും നിരവധി മെഡൽ പ്രതീക്ഷകളുള്ള മത്സരങ്ങൾ. പുരുഷന്മാരുടെ മാരത്തൺ ഫൈനലിൽ സാവൻ ബർവാളും കാർത്തിക് കാർക്കേരയും മത്സരിക്കും. ഷൂട്ടിങ്ങിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഫൈനലിലും ഇന്ത്യയുടെ താരങ്ങൾ ഇറങ്ങും.
കബഡിയിൽ വനിതാ-പുരുഷ ടീമുകൾ ഇറാനെതിരെയാണ് സ്വർണ മെഡലിനായി മത്സരിക്കുന്നത്. വനിതാ ഫൈനൽ രാവിലെ 9.30നും പുരുഷ ഫൈനൽ ഉച്ചയ്ക്ക് 2.30നും നടക്കും. സ്ക്വാഷിലും ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷകളുണ്ട്.
അത്‌ലറ്റിക്സിൽ തേജീന്ദർപാൽ സിങ് തൂർ, കരണവീർ സിങ് എന്നിവർ പുരുഷ ഷോട്ട്പുട്ട് ഫൈനലിലും പ്രവീൺ ചിത്രവേൽ, കാർത്തിക് ഉണ്ണികൃഷ്ണൻ എന്നിവർ ട്രിപ്പിൾ ജംപ് ഫൈനലിലും മത്സരിക്കും. വനിതകളുടെ 1500 മീറ്റർ ഫൈനലിൽ പാരുൾ ചൗധരിയും പൂജയും പങ്കെടുക്കും.
ബാഡ്മിന്റണിൽ ലക്ഷ്യ സെൻ, പി.വി. സിന്ധു, ഉന്നതി ഹൂഡ എന്നിവർ മത്സരരംഗത്തുണ്ടാകും. അമ്പെയ്ത്ത്, ഫെൻസിങ്, ടേബിൾ ടെന്നിസ്, ഹോക്കി, സർഫിങ്, ബോക്സിങ് തുടങ്ങിയ ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ മത്സരിക്കും.

