കണ്ണൂർ: നടുവനാട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി ഇലാന മരണത്തിന് കീഴടങ്ങി. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിന്റെ മകളാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നടുവനാട് എൽ.പി സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർത്ഥിനിയായ ഇലാനയെയും സഹോദരി സൂര്യയെയും സ്കൂളിലാക്കാൻ അമ്മ റിജിഷ സ്കൂട്ടറിൽ കൊണ്ടുപോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂവർക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇലാനയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളാവുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താനുള്ള തീവ്രശ്രമങ്ങൾ നടന്നു വരികയായിരുന്നുവെങ്കിലും ഇന്ന് രാവിലെ ആ കുഞ്ഞുജീവൻ വേർപിരിഞ്ഞു. അപകടത്തിൽ പരിക്കേറ്റ അമ്മ റിജിഷയും സഹോദരി സൂര്യയും നിലവിൽ ചികിത്സയിലാണ്. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുവനാട് എൽ.പി സ്കൂളിലെ അധ്യാപകരും സഹപാഠികളും നാട്ടുകാരും ആഴത്തിലുള്ള ദുഃഖത്തിലാണ്.

