എഐ കോപ്പിയടി വിവാദം: ദക്ഷിണ കൊറിയൻ വിദ്യാഭ്യാസമന്ത്രി രാജിവച്ചു

സോൾ: നിർണായകമായ സർവകലാശാല പ്രവേശന പരീക്ഷയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചുള്ള കോപ്പിയടി തടയുന്നതിനായി അവസാന നിമിഷം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ആശയക്കുഴപ്പമുണ്ടാക്കിയതിനെത്തുടർന്ന് ദക്ഷിണ കൊറിയൻ വിദ്യാഭ്യാസമന്ത്രി ചോയ് ക്യോ-ജിൻ രാജിവച്ചു. പ്രസിഡന്റ് ലീ ജേ മ്യുങ് രാജി സ്വീകരിച്ചു. നവംബർ 22 ഞായറാഴ്ചയാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.

ദക്ഷിണ കൊറിയയിലെ സർവകലാശാല പ്രവേശന പരീക്ഷയായ സുനെങ് (Suneung) നവംബർ 19 വ്യാഴാഴ്ചയാണ് നടന്നത്. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് എഐ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാൻ വിദ്യാഭ്യാസ മന്ത്രാലയം വിവിധ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവ കൃത്യസമയത്ത് നടപ്പാക്കാൻ കഴിയാത്തതും തുടർച്ചയായി ചട്ടങ്ങളിൽ മാറ്റം വരുത്തിയതും വിദ്യാർഥികൾക്കും അധ്യാപകർക്കും പരീക്ഷാ നടത്തിപ്പുകാർക്കും ബുദ്ധിമുട്ടുണ്ടാക്കി.

ദേശീയ ടാക്സ് അക്കൗണ്ടന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വ്യക്തി ഒളിക്യാമറയും സ്മാർട്ട്ഫോണും ജനറേറ്റീവ് എഐയും ഉപയോഗിച്ച് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയതായി സമ്മതിച്ചതാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പരീക്ഷാ ചോദ്യങ്ങൾ മിനിയേച്ചർ ക്യാമറ ഉപയോഗിച്ച് പകർത്തി എഐ സംവിധാനത്തിലേക്ക് അയയ്ക്കുകയും ലഭിച്ച ഉത്തരങ്ങൾ ഫോണിലൂടെ പരിശോധിക്കുകയും ചെയ്തെന്നാണ് ഇയാൾ വെളിപ്പെടുത്തിയത്.

ഇതിന്റെ പശ്ചാത്തലത്തിൽ സർവകലാശാല പ്രവേശന പരീക്ഷാ കേന്ദ്രങ്ങളിൽ കർശന പരിശോധന ഏർപ്പെടുത്തി. പരീക്ഷാർഥികളുടെ കണ്ണടകൾ പരിശോധിക്കുകയും വസ്ത്രങ്ങളിലെ ബട്ടണുകൾ സ്റ്റിക്കർ ഉപയോഗിച്ച് മൂടുകയും ചെയ്തു. സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ഗ്ലാസുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാഹാളിൽ നിരോധിച്ചു. പരീക്ഷയ്ക്കിടെ മൊബൈൽ ഫോണുകൾ കൈവശം വച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ രാജ്യവ്യാപകമായി മൂന്ന് തവണ അടിയന്തര മൊബൈൽ അലർട്ടുകളും അയച്ചു.

പരീക്ഷയ്ക്കിടെ ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട 111 ക്രമക്കേടുകൾ കണ്ടെത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിൽ പകുതിയോളം കേസുകൾ അടിയന്തര അലർട്ടുകളിലൂടെയാണ് കണ്ടെത്തിയത്. 98 പേരെ ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്ക് പിടികൂടിയെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മറ്റൊരു വിശദീകരണം. കണക്കുകൾ വ്യത്യസ്തമായത് കണ്ടെത്തിയ കേസുകളുടെ വർഗീകരണവുമായി ബന്ധപ്പെട്ടാണ്.

രാജ്യത്തെ പരീക്ഷാ നടത്തിപ്പിൽ മുൻകൂട്ടി വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താൻ മന്ത്രാലയത്തിന് കഴിഞ്ഞില്ലെന്ന വിമർശനം ശക്തമായിരുന്നു. പാർലമെന്റിൽ നടന്ന ചോദ്യോത്തരവേളയിൽ എഐ ഉപയോഗിച്ചുള്ള കോപ്പിയടി പൂർണമായും തടയാൻ കഴിയുമോയെന്ന് ചോദിച്ചപ്പോൾ പ്രായം കാരണം തനിക്ക് അതിൽ ആത്മവിശ്വാസമില്ലെന്ന മന്ത്രിയുടെ മറുപടിയും വിവാദമായി.

പരീക്ഷ പൂർത്തിയായെങ്കിലും മുൻകൂട്ടി തയ്യാറെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്ന വിമർശനത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് രാജിപ്രഖ്യാപനത്തിൽ ചോയ് ക്യോ-ജിൻ വ്യക്തമാക്കി. മന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. രാജി സ്വീകരിച്ച പ്രസിഡന്റ് പരീക്ഷാ നടത്തിപ്പും ബന്ധപ്പെട്ട നിയമങ്ങളും സമഗ്രമായി പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയയിൽ ഉന്നത സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനും തുടർന്നുള്ള തൊഴിൽ സാധ്യതകൾക്കും നിർണായകമാണ് സുനെങ് പരീക്ഷ. എട്ടുമണിക്കൂറിലേറെ നീളുന്ന പരീക്ഷയിൽ 5.5 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ രജിസ്റ്റർ ചെയ്തത്. പരീക്ഷയിലെ ക്രമക്കേടുകൾ രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *