മെൽബൺ: ഓസ്ട്രേലിയയിലെ ഗ്രാമീണ മേഖലകളിൽ ഇന്ധനക്ഷാമം അതിരൂക്ഷമാകുന്നു. രാജ്യത്ത് ഇന്ധനത്തിന് കുറവില്ലെന്ന സർക്കാർ ആവർത്തിച്ചുള്ള ഉറപ്പുകൾ നൽകുന്നുണ്ടെങ്കിലും, പല സ്വതന്ത്ര പെട്രോൾ പമ്പുകളിലും സ്റ്റോക്ക് പൂർണ്ണമായും തീർന്ന നിലയിലാണ്. മൊത്തവ്യാപാരികൾ ഇന്ധന വിതരണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കർഷകരും പ്രാദേശിക വ്യാപാരികളും പ്രതിസന്ധിയിലായി.
ജനങ്ങളുടെ പരിഭ്രാന്തി മൂലമുള്ള അമിത വാങ്ങൽ കാരണം പലയിടങ്ങളിലും ഇ-10, അൺലെഡഡ് പെട്രോൾ എന്നിവ നേരത്തെ തന്നെ തീർന്നിരുന്നു. നിലവിൽ ന്യൂ സൗത്ത് വെയ്ൽസിലും ക്വീൻസ്ലൻഡിലും ഡീസൽ വിതരണവും നിലച്ചതായി ട്രാൻസ്വെസ്റ്റ് ഫ്യുവൽസ് സഹ ഉടമ സാം ക്ലിഫ്റ്റൺ വ്യക്തമാക്കി. വൻകിട കമ്പനികൾ ഇന്ധനം പൂഴ്ത്തിവെക്കുകയാണെന്നും ടെർമിനലുകളിൽ ദശലക്ഷക്കണക്കിന് ലിറ്റർ ഇന്ധനം ഇരിപ്പുണ്ടായിട്ടും വിതരണത്തിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഇടപെട്ട് ഈ ഇന്ധനശേഖരം വിതരണത്തിനായി തുറന്നുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇന്ധനശേഖരം നിലവിലുണ്ടെന്നുമാണ് ഊർജ്ജ മന്ത്രി ക്രിസ് ബോവനും തൊഴിൽ മന്ത്രി അമണ്ട റിഷ്വർത്തും വ്യക്തമാക്കുന്നത്. ആവശ്യക്കാർ പെട്ടെന്ന് വർദ്ധിച്ചതാണ് വിതരണ ശൃംഖലയെ ബാധിച്ചതെന്നും സ്ഥിതിഗതികൾ ഉടൻ പരിഹരിക്കപ്പെടുമെന്നും അവർ അറിയിച്ചു. എന്നാൽ ഗ്രാമീണ മേഖലകളിലെ യഥാർത്ഥ സാഹചര്യം സർക്കാർ അവഗണിക്കുകയാണെന്ന് നാഷണൽസ് നേതാവ് ഡേവിഡ് ലിറ്റിൽപ്രൗഡ് കുറ്റപ്പെടുത്തി.

