പത്തനാപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്നിട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പത്തനാപുരത്ത് പ്രതിഷേധം ഇരമ്പുന്നു. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, ബിജെപി, കെഎസ് യു പ്രവർത്തകർ പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്കും മന്ത്രിയുടെ വീട്ടിലേക്കും പ്രതിഷേധ മാർച്ചുകൾ നടത്തി. പലയിടങ്ങളിലും പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും സംഘർഷവുമുണ്ടായി.
പത്തനാപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച യൂത്ത് കോൺഗ്രസ് മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിന് നേരെയും പോലീസ് നടപടിയുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മന്ത്രിയുടെ മണ്ഡലത്തിൽ കെഎസ് യു പ്രവർത്തകർ വ്യത്യസ്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. കെഎസ്ആർടിസി ബസുകൾ തടഞ്ഞ പ്രവർത്തകർ ‘കാലൻകോഴി പത്തനാപുരത്തിന് വേണ്ട’ എന്നെഴുതിയ ബാനറുകൾ ബസിന് മുന്നിൽ കെട്ടി. മന്ത്രിയുടെ കോലം കത്തിച്ചും കരിങ്കൊടി കാണിച്ചും പ്രതിഷേധം തുടരുകയാണ്. മന്ത്രിക്ക് അനുകൂലമായും പ്രതികൂലമായും വിവിധ വിഭാഗങ്ങൾ രംഗത്തെത്തിയതോടെ പത്തനാപുരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സമരം സംസ്ഥാന വ്യാപകമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

