ന്യൂഡൽഹി: കഴിഞ്ഞ 13 വർഷമായി കോമയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണ (32) എന്ന യുവാവിന് ദയാവധം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചു. ജീവൻ നിലനിർത്താൻ സഹായിക്കുന്ന കൃത്രിമ സംവിധാനങ്ങൾ പിൻവലിച്ച് സ്വാഭാവിക മരണം വരിക്കാനാണ് കോടതി അനുമതി നൽകിയത്. ഇന്ത്യയിൽ ദയാവധം നിയമവിധേയമാക്കിയ ശേഷം കോടതി ഉത്തരവിലൂടെ ഇത്തരമൊരു തീരുമാനം വരുന്നത് ഇതാദ്യമായാണ്.
2013-ൽ ചണ്ഡീഗഡിൽ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരിക്കെ, കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്നുമുതൽ തലച്ചോറിന് സംഭവിച്ച ഗുരുതരമായ ക്ഷതത്തെത്തുടർന്ന് അദ്ദേഹം പെർസിസ്റ്റന്റ് വെജിറ്റേറ്റീവ് സ്റ്റേറ്റ് (PVS) അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ ഘടിപ്പിച്ച ട്യൂബുകൾ വഴിയാണ് ഇത്രയും കാലം പോഷകാഹാരവും വെള്ളവും നൽകിയിരുന്നത്.ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.
ചികിത്സ തുടരുന്നത് രോഗിയുടെ ആരോഗ്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടാക്കുന്നില്ലെന്നും, രോഗി അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഷേക്സ്പിയറുടെ ‘ടു ബി ഓർ നോട്ട് ടു ബി’ (To be or not to be) എന്ന വരികളും കോടതി പരാമർശിച്ചു.
ഹരീഷിന്റെ മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. എയിംസിലെ (AIIMS) പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഹരീഷിനെ മാറ്റി, അവിടെ മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിച്ച് അന്തസ്സോടെയുള്ള മരണത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കോടതി നിർദ്ദേശിച്ചു.

