നൈപുണ്യ പരിശീലന കേന്ദ്രങ്ങൾക്ക് പുതിയ മുഖച്ഛായ; ‘അക്രഡിറ്റേഷൻ ആൻഡ് അഫിലിയേഷൻ പോളിസി’ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിലെ നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പരിശീലനത്തിന്റെ ഗുണനിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) ആവിഷ്കരിച്ച പുതിയ ‘അക്രഡിറ്റേഷൻ ആൻഡ് അഫിലിയേഷൻ പോളിസി’ സംസ്ഥാന പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. നൈപുണ്യ വികസന രംഗത്ത് സുതാര്യത ഉറപ്പാക്കാനും മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നയം നടപ്പിലാക്കുന്നത്.

പരിശീലന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, കോഴ്സുകളുടെ ഉള്ളടക്കം, അധ്യാപകരുടെ യോഗ്യത എന്നിവ കർശനമായ മാനദണ്ഡങ്ങളിലൂടെ വിലയിരുത്തി അംഗീകാരം നൽകുന്ന രീതിയാണ് പുതിയ പോളിസിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. തൊഴിലന്വേഷകർക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ നൈപുണ്യ വികസന മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് മന്ത്രി പ്രസ്താവിച്ചു. അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് ആഭ്യന്തര-വിദേശ തൊഴിൽ വിപണികളിൽ കൂടുതൽ മുൻഗണന ലഭിക്കാൻ ഈ പരിഷ്കാരം സഹായിക്കും. പരിശീലന കേന്ദ്രങ്ങളുടെ നിലവാരം കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ കെ.എ.എസ്.ഇ ഉന്നത ഉദ്യോഗസ്ഥരും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *