അതിർത്തി നിരീക്ഷണത്തിന് റോബോട്ടിക് നായ്ക്കൾ; ജമ്മു കശ്മീരിൽ നൂതന സാങ്കേതികവിദ്യയുമായി ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ (എൽഒസി) അതിർത്തി നിരീക്ഷണവും സുരക്ഷയും ശക്തമാക്കാൻ റോബോട്ടിക് നായ്ക്കളെ വിന്യസിച്ച് ഇന്ത്യൻ സൈന്യം. ദുർഘടമായ മലനിരകളിലും പ്രതികൂല കാലാവസ്ഥയിലും സൈനികർക്കൊപ്പം പ്രവർത്തിക്കാൻ ശേഷിയുള്ള നാല് കാലുകളുള്ള റോബോട്ടുകളാണ് സൈന്യം ഉപയോഗിക്കുന്നത്. മൾട്ടി യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്മെന്റ് (MULE) എന്നാണ് ഇവ അറിയപ്പെടുന്നത്.

അഖ്നൂർ, രജൗരി തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് റോബോട്ടുകളുടെ വിന്യാസം വ്യാപിപ്പിച്ചിരിക്കുന്നത്. 740 കിലോമീറ്ററിലധികം നീളമുള്ള നിയന്ത്രണരേഖയിലെ നിരീക്ഷണ സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നൂറ് റോബോട്ടുകളുടെ ആദ്യ ബാച്ച് 2024 ജൂണിലാണ് സൈന്യത്തിന് ലഭിച്ചത്. നിലവിൽ നൂറുകണക്കിന് റോബോട്ടുകൾ അതിർത്തി മേഖലകളിൽ പ്രവർത്തിക്കുന്നതായാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

360 ഡിഗ്രി ക്യാമറകൾ, തെർമൽ, ഇൻഫ്രാറെഡ് സെൻസറുകൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ സംവിധാനങ്ങൾ, റഡാർ എന്നിവ റോബോട്ടുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ശത്രുനീക്കങ്ങൾ നിരീക്ഷിക്കാനും സംശയാസ്പദമായ വസ്തുക്കൾ തിരിച്ചറിയാനും തത്സമയ വിവരങ്ങൾ സൈനികർക്ക് കൈമാറാനും ഇവയ്ക്ക് കഴിയും. പതിവ് നിരീക്ഷണത്തിനു പുറമേ ഭീകരവിരുദ്ധ നടപടികളിലും പതിയിരുന്നുള്ള ആക്രമണങ്ങളെ പിന്തുണയ്ക്കുന്നതിനും ഇവയുടെ സേവനം പ്രയോജനപ്പെടുത്താനാകും.

പരമ്പരാഗത വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങൾ, മഞ്ഞുമൂടിയ മലനിരകൾ, മരുഭൂമികൾ, നദികൾ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. 45 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിൽ കയറാനും കഴിയും. മൈനസ് 40 ഡിഗ്രി മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിലും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

12 മുതൽ 15 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള റോബോട്ടുകൾക്ക് വെടിക്കോപ്പുകൾ, ഭക്ഷണസാധനങ്ങൾ, ഇന്ധനം തുടങ്ങിയവ മുന്നണിയിലെ സൈനിക പോസ്റ്റുകളിലേക്ക് എത്തിക്കാനും കഴിയും. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ സൈനികരുടെ നേരിട്ടുള്ള സാന്നിധ്യം കുറയ്ക്കുന്നതിനും ഇവയുടെ ഉപയോഗം സഹായിക്കും.

റോബോട്ടിക് മ്യൂളുകൾക്ക് പുറമേ നിർമിതബുദ്ധി അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, സ്മാർട്ട് ഫെൻസിങ്, ഉപഗ്രഹ സാങ്കേതികവിദ്യ, അതിർത്തിയിലെ നുഴഞ്ഞുകയറ്റം കണ്ടെത്തുന്നതിനുള്ള ലേസർ സംവിധാനങ്ങൾ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ എന്നിവയും സൈന്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *