ഇടുക്കി: സംസ്ഥാന വ്യാപകമായി ഇ-20 (E-20) പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി തൊടുപുഴയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധന. തൊടുപുഴ അരിക്കുഴയിൽ പ്രവർത്തിക്കുന്ന മണ്ണത്താംചേരിൽ ഫ്യൂവൽസ് എന്ന ബി.പി.സി.എൽ (BPCL) പമ്പിൽ നിന്നാണ് ഇടുക്കി ജില്ലാ സപ്ലൈ ഓഫീസർ ജി. ബീനാ ഭദ്രന്റെ നേതൃത്വത്തിലുള്ള സംഘം സാമ്പിളുകൾ ശേഖരിച്ചത്.
മോട്ടോർ സ്പിരിറ്റിൽ കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള അനുപാതത്തിൽ കൂടുതൽ എഥനോൾ കലർന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയത്. പമ്പിൽ നിന്നും ശേഖരിച്ച ഇന്ധന സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി എറണാകുളത്തെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയക്കും. ലാബിൽ നിന്നുള്ള പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾക്കായി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ജി. ബീനാ ഭദ്രൻ അറിയിച്ചു.

