തൊടുപുഴ: മേലുകാവ് വിദ്യാഭ്യാസ സാംസ്കാരിക കൂട്ടായ്മയുടെ (മെൽക) ഈ വർഷത്തെ കലാശ്രേഷ്ഠ അവാർഡിന് പ്രശസ്ത ആയുർവേദ ചികിത്സകനും പഞ്ചകർമ്മ വിദഗ്ധനും ചലച്ചിത്ര താരവുമായ ഡോ. സതീഷ് വാര്യർ അർഹനായി. ആരോഗ്യരംഗത്തെ കാൽനൂറ്റാണ്ടിനടുത്തുള്ള സേവനവും അഭിനയത്തിലും തിരക്കഥാരചനയിലും സംവിധാനത്തിലും സാമൂഹിക ബോധവൽക്കരണത്തിലും പുലർത്തുന്ന വേറിട്ട മികവും പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
തൊടുപുഴ കുമാരമംഗലം സ്വദേശിയായ ഡോ. സതീഷ് വാര്യർ ആയുർവേദ ചികിത്സാരംഗത്ത് 24 വർഷത്തിലധികമായി പ്രവർത്തിച്ചു വരികയാണ്. കോവിഡ് കാലത്ത് മാതാവിനൊപ്പം ആരംഭിച്ച കലാപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം, സ്വന്തം തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലുമായി ആയിരത്തിലധികം ബോധവൽക്കരണ, ആക്ഷേപഹാസ്യ വീഡിയോകൾ ഒരുക്കിയിട്ടുണ്ട്. ‘കല്യാണമരം’ ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
നവംബർ 14 ശനിയാഴ്ച വൈകിട്ട് 6.30-ന് തൊടുപുഴ ഇൻഫോണിക്സ് സൊല്യൂഷൻസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത കുറ്റാന്വേഷണ വിദഗ്ധനും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ പോലീസ് മെഡൽ ജേതാവുമായ മുൻ എസ്.പി. കെ.ജി. സൈമൺ ഐ.പി.എസ് (റിട്ട.) പുരസ്കാരം സമ്മാനിക്കും.
മെൽക-മേലുകാവ് സാംസ്കാരിക കൂട്ടായ്മയും തൊടുപുഴ ഇൻഫോണിക്സ് സൊല്യൂഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷവും ഓണം ഫെസ്റ്റ് 2026 വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിനോടനുബന്ധിച്ച് നടക്കും. ചാച്ചാജി വേഷമത്സരം, കുട്ടികളുടെ പ്രധാനമന്ത്രിമാരുടെ തെരഞ്ഞെടുപ്പ്, നാട്ടുകൂട്ടം ടീമിന്റെ കലാപരിപാടികൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.

