ഷാർജ: പ്രവാസികളുടെ റമസാൻ രാവുകളെ അവിസ്മരണീയമാക്കാൻ ഷാർജ എക്സ്പോ സെന്ററിൽ ‘റമസാൻ നൈറ്റ്‌സ് 2026’ മേളയ്ക്ക് തുടക്കമായി. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ ജനപ്രിയ മേളയുടെ 43-ാമത് എഡിഷനാണ് ഇപ്പോൾ നടക്കുന്നത്.
ഷാർജ റമസാൻ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേള ഈ മാസം 22 വരെ നീണ്ടുനിൽക്കും.18,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന മേളയിൽ 210-ലേറെ എക്സിബിറ്റർമാരും 700-ലധികം രാജ്യാന്തര, പ്രാദേശിക ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് 75 ശതമാനത്തിലധികം വിലക്കുറവും വാഗ്ദാനം ചെയ്യുന്നു.
യുഎഇയുടെ ‘കുടുംബ വർഷം’ പ്രമേയത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ‘ഹെറിറ്റേജ് വില്ലേജ്’ എമിറാത്തി പാരമ്പര്യങ്ങളും റമസാൻ മാസത്തിന്റെ ആത്മീയതയും സന്ദർശകർക്ക് നേരിട്ടനുഭവിക്കാൻ അവസരമൊരുക്കുന്നു.മികച്ച ജനപങ്കാളിത്തമാണ് ഉദ്ഘാടന ദിവസം തന്നെ രേഖപ്പെടുത്തിയത്. ഈ വർഷം 1,50,000-ത്തിലധികം സന്ദർശകരെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

