ചെന്നൈ: കോൺഗ്രസ് എം.പിയും മുതിർന്ന നേതാവ് പി. ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരത്തിന്റെ ഓഫീസിന് നേരെ ആക്രമണം. ചെന്നൈയിലെ നുങ്കംപാക്കത്തുള്ള ഓഫീസിന് നേരെയാണ് അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞത്.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്.
ആക്രമണത്തിൽ ഓഫീസിന്റെ മുൻഭാഗത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.ആക്രമണസമയത്ത് ഓഫീസിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം പരിശോധന നടത്തി. പ്രതികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

