ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ഉൾപ്പെടുന്ന നിലവിലെ സൈനിക സംഘർഷം അവസാനിപ്പിക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. റഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആണ് ഈ ഉപാധികൾ ഔദ്യോഗികമായി പുറത്തുവിട്ടത്.
ഇറാനിലെ ഭരണകൂടത്തിന്റെ പരമാധികാരവും രാജ്യത്തിന് അന്താരാഷ്ട്ര തലത്തിലുള്ള നിയമപരമായ അവകാശങ്ങളും പൂർണ്ണമായും അംഗീകരിക്കുക, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം ലഭ്യമാക്കുക, ഭാവിയിൽ ഇറാനിനെതിരെ സൈനിക ആക്രമണങ്ങൾ ഉണ്ടാവുകയില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പുനൽകുക എന്നിവയാണ് ഇറാന്റെ നിബന്ധനകൾ
പതിമൂന്നാം ദിവസത്തിലേക്ക് കടന്ന യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പ്രസിഡന്റ് പെസെഷ്കിയാൻ വ്യക്തമാക്കി. എന്നാൽ, മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഉറപ്പുലഭിക്കാതെ വെടിനിർത്തലിന് തയ്യാറല്ലെന്ന കർശന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. ഇസ്രായേലും അമേരിക്കയും ചേർന്ന് ആരംഭിച്ച ഈ യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

