ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിലെ കാതറിനിൽ പ്രളയജലത്തിൽ ഒറ്റപ്പെട്ടുപോയ കാറിൽ നിന്നും അമ്മയെയും മകനെയും വളർത്തുനായയെയും സാഹസികമായി രക്ഷപ്പെടുത്തി. ഹെലികോപ്റ്റർ പൈലറ്റ് ജോൺ ആംസ്ട്രോങ്ങും പോലീസ് ഓഫീസർ ബെൻ പാർഫിറ്റും ചേർന്ന് നടത്തിയ ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ വലിയ ആവേശത്തോടെയാണ് ഓസ്‌ട്രേലിയൻ ജനത ഏറ്റെടുത്തിരിക്കുന്നത്.
പ്രളയത്തിൽ മുങ്ങിയ കാറിനുള്ളിൽ കുടുങ്ങിയ അമ്മയെയും മകനെയും ആദ്യം ഹെലികോപ്റ്ററിലേക്ക് വിഞ്ച് (winch) വഴി സുരക്ഷിതമായി എത്തിച്ചു. എന്നാൽ കാറിനുള്ളിൽ ‘സെവൻ’ എന്ന ജർമ്മൻ ഷെപ്പേർഡ് നായ കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ രക്ഷാപ്രവർത്തകർ വീണ്ടും അവിടേക്ക് തിരിക്കുകയായിരുന്നു. നായയെ എങ്ങനെ പുറത്തെടുക്കും എന്നതായിരുന്നു പ്രധാന വെല്ലുവിളി.
തന്റെ പക്കലുണ്ടായിരുന്ന പോലീസ് ലാത്തി (baton) ഉപയോഗിച്ച് കാറിന്റെ ചില്ല് തകർത്താണ് ബെൻ നായയെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിനിടയിൽ നായ ശാന്തനായിരുന്നത് വലിയ സഹായമായെന്ന് ബെൻ പറഞ്ഞു. “ഞാൻ എന്റെ കൈ കാറിന്റെ ജനാലയിലൂടെ ഉള്ളിലേക്ക് കടത്തി അവനെ തഴുകി, അവൻ എന്റെ കൈ നക്കി. അവനെ വെള്ളത്തിലേക്ക് ചാടാൻ അനുവദിക്കാതെ കാറിന്റെ മുകളിൽ പിടിച്ചുനിർത്തുന്നതായിരുന്നു ഏറ്റവും പ്രയാസകരമായ കാര്യം,” ബെൻ ഓർത്തെടുത്തു.
കാറിന്റെ മുകളിൽ ബെന്നും നായയും നിൽക്കുമ്പോൾ, ജോൺ അതീവ വൈദഗ്ധ്യത്തോടെ ഹെലികോപ്റ്റർ കാറിന് തൊട്ടടുത്ത് താഴ്ത്തി നിർത്തി. തുടർന്ന് സെവനെ ഹെലികോപ്റ്ററിലേക്ക് ഉയർത്തിക്കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ‘എ കറന്റ് അഫയർ’ എന്ന പരിപാടിയിലൂടെയാണ് ഇരുവരും ഈ സാഹസിക ദൗത്യത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചത്

