വാഷിങ്ടൻ: ചെങ്കടലിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കയുടെ അത്യാധുനിക വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോഡിൽ തീപിടിത്തം. അപകടത്തിൽ രണ്ട് നാവികർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും നിലവിൽ ചികിത്സയിലാണെന്നും യുഎസ് സൈന്യം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ഫോഡിന്റെ പ്രധാന ലോൺട്രി ഏരിയയിലാണ് തീപിടിത്തമുണ്ടായത്. കപ്പലിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രൊപ്പൽഷൻ പ്ലാന്റിനോ മറ്റ് സുപ്രധാന ഭാഗങ്ങൾക്കോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും കപ്പൽ പ്രവർത്തനക്ഷമമാണെന്നും അധികൃതർ വ്യക്തമാക്കി.
മേഖലയിൽ ഇറാനുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കപ്പൽ വിന്യസിച്ചിരിക്കെയാണ് അപകടം നടന്നതെങ്കിലും, ഇതിന് യുദ്ധവുമായി ബന്ധമില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. സാങ്കേതിക കാരണങ്ങളാലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

