സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

തിരുവനന്തപുരം: കേരളത്തിൽ എൽപിജി ക്ഷാമം അതീവ ഗുരുതരമാകുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് പുറമെ ഗാർഹിക സിലിണ്ടറുകളുടെ വിതരണവും വലിയ പ്രതിസന്ധി നേരിടുകയാണ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സിലിണ്ടർ വിതരണം ഒരാഴ്ചയിലധികം വൈകുന്നതായാണ് റിപ്പോർട്ട്.

ഒരാഴ്ച മുൻപ് ബുക്ക് ചെയ്ത സിലിണ്ടറുകൾ പോലും ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടില്ല. പല ഏജൻസികളും പുതിയ ബുക്കിംഗുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ബുക്കിംഗിനായി നൽകിയിട്ടുള്ള ഫോൺ നമ്പറുകൾ പലതും പ്രവർത്തനരഹിതമായതായും പരാതിയുണ്ട്.വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ ഹോട്ടൽ, റെസ്റ്റോറന്റ്, കേറ്ററിംഗ് മേഖലകൾ കനത്ത തിരിച്ചടി നേരിടുന്നു.

ഗ്യാസ് ഇല്ലാത്തതിനാൽ പല ഹോട്ടലുകളും താൽക്കാലികമായി അടച്ചു. നിലവിൽ പ്രവർത്തിക്കുന്ന പലയിടങ്ങളിലും വിഭവങ്ങൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. കൂടുതൽ ഇന്ധനം വേണ്ടിവരുന്ന ഊണ് പോലുള്ള വിഭവങ്ങൾ ഒഴിവാക്കി ബിരിയാണി പോലുള്ള ഒറ്റപ്പാത്ര വിഭവങ്ങളിലേക്ക് പലരും മാറിയിട്ടുണ്ട്.

ഗ്യാസ് ലഭ്യത കുറഞ്ഞതോടെ നഗരങ്ങളിലെ ചെറുകിട ഹോട്ടലുകൾ പോലും വീണ്ടും വിറകടുപ്പുകളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ലോഡ് കണക്കിന് വിറകാണ് പലയിടങ്ങളിലും ശേഖരിക്കുന്നത്. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന ഹോട്ടൽ സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജോലിയെ ഈ പ്രതിസന്ധി ബാധിക്കുമെന്ന് ആശങ്കയുണ്ട്. രാത്രികാല തട്ടുകടകളുടെ പ്രവർത്തനവും വരും ദിവസങ്ങളിൽ അവതാളത്തിലായേക്കും.

Leave a Reply

Your email address will not be published. Required fields are marked *