ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാർക്ക് ഏഴ് ശതമാനം ക്ഷാമബത്ത അനുവദിക്കാൻ സർക്കാർ നീക്കം സജീവമാക്കി. അടുത്ത മാസത്തെ ശമ്പളത്തോടൊപ്പം ഡിഎ കുടിശ്ശിക കൂടി നൽകാനാണ് ലക്ഷ്യമിടുന്നത്.നിലവിൽ 2020 മുതലുള്ള 35 ശതമാനം ഡിഎ കുടിശ്ശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ഇതിൽ ഏഴ് ശതമാനമാണ് ഇപ്പോൾ അനുവദിക്കാൻ പോകുന്നത്. ഇതോടെ കുടിശ്ശിക 28 ശതമാനമായി കുറയും.
കെഎസ്ആർടിസിയുടെ സ്വന്തം വരുമാനത്തിൽ നിന്നും ഈ തുക നൽകാൻ കഴിയില്ലെന്ന് അധികൃതർ ധനകാര്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അതിനാൽ സർക്കാർ സഹായം തേടി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് അഭ്യർത്ഥന നൽകിയിരുന്നു.കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറും ഫിനാൻഷ്യൽ അഡ്വൈസർ എ. ഷാജിയും കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പുമായി ചർച്ച നടത്തി. നിലവിൽ പ്രതിമാസം സർക്കാർ നൽകുന്ന 50 കോടി രൂപയുടെ സഹായം 55 കോടിയായി ഉയർത്തണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം.
ഈ ആവശ്യത്തോട് ധനകാര്യ വകുപ്പ് അനുകൂലമായി പ്രതികരിക്കുമെന്നാണ് സൂചന. 2020 മുതൽ ഡിഎ വർദ്ധന ലഭിക്കാത്ത ജീവനക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് കെഎസ്ആർടിസി അധികൃതർ നൽകുന്ന വിവരം.

