ഇന്ധന-പാചകവാതക ക്ഷാമമില്ല; ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനത്തിനോ പാചകവാതകത്തിനോ യാതൊരുവിധ ക്ഷാമവുമില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്റിൽ വ്യക്തമാക്കി. ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ പാചകവാതക ഉത്പാദനം 28 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. 33 കോടി കുടുംബങ്ങളുടെ, പ്രത്യേകിച്ച് പിന്നാക്കം നിൽക്കുന്നവരുടെ അടുക്കളകളിൽ പാചകവാതകത്തിന് ഒരു ക്ഷാമവും ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പ് നൽകി.പെട്രോൾ, ഡീസൽ, മണ്ണെണ്ണ, വ്യോമയാന ഇന്ധനം എന്നിവയുടെ ലഭ്യത പൂർണ്ണമായും ഉറപ്പാക്കിയിട്ടുണ്ട്. വിതരണ ശൃംഖലയെ ബാധിക്കുന്ന പ്രാദേശിക തടസ്സങ്ങൾ ഒഴിവാക്കാൻ കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നേരത്തെ എൽപിജി ഇറക്കുമതിയുടെ 60 ശതമാനവും ഗൾഫ് രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അമേരിക്ക, നോർവേ, കാനഡ, അൾജീരിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ സ്രോതസ്സുകൾ വിപുലമായി. ഇത് ഹോർമുസ് കടലിടുക്ക് പോലുള്ള മേഖലകളിലെ സംഘർഷങ്ങൾ ബാധിക്കാതെ നോക്കാൻ സഹായിക്കും.

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുന്നുവെന്ന വാർത്തകൾക്കിടെയാണ് കേന്ദ്രത്തിന്റെ ഈ ഉറപ്പ്. എന്നാൽ വാണിജ്യ സിലിണ്ടറുകൾക്കുണ്ടാകുന്ന ക്ഷാമത്തെക്കുറിച്ചോ വിലവർദ്ധനയെക്കുറിച്ചോ മന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തമായ വിശദീകരണമില്ല.ഗാർഹിക സിലിണ്ടറുകൾ ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ ഡെലിവറി നടക്കുന്നുണ്ടെന്നും പഴയ രീതിയിലുള്ള വിതരണ മാനദണ്ഡങ്ങൾ തുടരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *