ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ നടത്തിയ വിവാദ പരാമർശത്തെത്തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്ക് സ്പീക്കർ ഓം ബിർള ഓഫ് ചെയ്തു. കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രിക്ക് ബന്ധമുണ്ടെന്ന് രാഹുൽ ആരോപിച്ചതാണ് സഭയിൽ ബഹളത്തിന് കാരണമായത്.
രാജ്യത്തെ പാചകവാതക പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാനാണ് രാഹുൽ ഗാന്ധി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ചർച്ചയ്ക്കിടെ, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് എപ്സ്റ്റീനുമായി ബന്ധമുണ്ടെന്നും എപ്സ്റ്റീൻ തന്റെ സുഹൃത്താണെന്ന് മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു. നോട്ടീസിൽ പറഞ്ഞിട്ടുള്ള വിഷയത്തിന് പുറത്തുള്ള കാര്യങ്ങളാണ് രാഹുൽ സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്.
രാഹുലിനെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. മന്ത്രി പ്രസ്താവന നടത്തുന്നതിനിടെ പ്രതിപക്ഷ എംപിമാർ ‘എപ്സ്റ്റീൻ’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

