ന്യൂഡൽഹി: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരന് പിന്തുണയുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. കേരളത്തിലെ വികസന പദ്ധതികൾക്ക് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒരുപോലെ തടസ്സം നിൽക്കുകയാണെന്ന് രാജ്യസഭയിൽ സംസാരിക്കവെ മന്ത്രി ആരോപിച്ചു. ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വികസന പദ്ധതികൾക്കായി കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും, ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. റെയിൽവേ മേഖലയിൽ സംസ്ഥാന സർക്കാരിന് പ്രായോഗികമായ അറിവില്ലെന്ന് ഇ. ശ്രീധരന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പരിഹസിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ഒത്തുചേർന്ന് രൂപീകരിച്ച സഖ്യം കേരളത്തിലെ വികസനം തടയുകയാണെന്ന് മന്ത്രി ആരോപിച്ചു.
ഇ. ശ്രീധരന്റെ കണക്കുകൂട്ടൽ പ്രകാരം, കേരളത്തിൽ നിർദ്ദേശിച്ചിട്ടുള്ള എലിവേറ്റഡ് റെയിൽ പാതയ്ക്ക് ഏകദേശം 54,000 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.കേരളത്തിലെ റെയിൽവേ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രത്തിന് മുന്നിൽ മൂന്ന് പ്രധാന മാർഗ്ഗങ്ങളുണ്ടെന്നും, എന്നാൽ സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണം പദ്ധതികളെ പിന്നോട്ടടിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

