ബൈറൺ ബേ ബ്ലൂസ് ഫെസ്റ്റ് റദ്ദാക്കി; ഓസ്‌ട്രേലിയൻ സംഗീത ലോകത്തിന് വൻ തിരിച്ചടി

ബൈറൺ ബേ: ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ സംഗീത മാമാങ്കങ്ങളിൽ ഒന്നായ ‘ബൈറൺ ബേ ബ്ലൂസ് ഫെസ്റ്റ്’ (Bluesfest) അപ്രതീക്ഷിതമായി റദ്ദാക്കി. ഏപ്രിൽ 2 മുതൽ 5 വരെ നടക്കാനിരുന്ന 36-ാമത് എഡിഷനാണ്, പരിപാടി തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഉപേക്ഷിച്ചത്. വർദ്ധിച്ചുവരുന്ന ഉത്പാദന ചെലവുകളും ഓസ്‌ട്രേലിയൻ ലൈവ് മ്യൂസിക് രംഗത്തുണ്ടായ തിരിച്ചടികളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്ന് സംഘാടകർ അറിയിച്ചു.

36 വർഷത്തെ സുവർണ്ണ ചരിത്രമുള്ള ഈ ഫെസ്റ്റിവൽ നിർത്തലാക്കുന്നത് അങ്ങേയറ്റം വേദനയോടെയാണെന്ന് ഔദ്യോഗിക സോഷ്യൽ മീഡിയ കുറിപ്പിലൂടെ സംഘാടകർ വ്യക്തമാക്കി. ഇൻഷുറൻസ്, ലോജിസ്റ്റിക്സ്, കലാകാരന്മാരുടെ യാത്രാച്ചെലവ് എന്നിവയിലുണ്ടായ അമിതമായ വർദ്ധനവ് മൂലം മുൻപത്തെ നിലവാരത്തിൽ പരിപാടി നടത്തുക അസാധ്യമാണെന്ന് ഇവർ കൂട്ടിച്ചേർത്തു. ഫെസ്റ്റിവലിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിലവിൽ ഒരു ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ടിക്കറ്റ് എടുത്തവർക്കും ക്യാമ്പിംഗിനായി പണമടച്ചവർക്കും റീഫണ്ട് നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് അറിയിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. 1990-ൽ ആരംഭിച്ച ഈ മേള ബൈറൺ ബേയിലെ വിനോദസഞ്ചാര മേഖലയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ സംഭാവനയാണ് നൽകിയിരുന്നത്.

ഫെസ്റ്റിവൽ റദ്ദാക്കിയ വാർത്ത തനിക്ക് വലിയ ആഘാതമുണ്ടാക്കിയെന്ന് ബൈറൺ ഷെയർ മേയർ സാറാ എൻഡിയേ പറഞ്ഞു. ഈ തീരുമാനം പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ബാധിക്കുമെങ്കിലും, സഞ്ചാരികൾ തങ്ങളുടെ ബൈറൺ ബേ സന്ദർശന പ്ലാനുകളുമായി മുന്നോട്ട് പോകണമെന്നും അവർ അഭ്യർത്ഥിച്ചു. സ്പ്ലിറ്റ് എൻസ്‌, പാർക്ക്‌വേ ഡ്രൈവ്, സബ്ലൈം തുടങ്ങി പ്രമുഖ ബാൻഡുകൾ ഇത്തവണ അണിനിരക്കേണ്ടതായിരുന്നു. ഏകദേശം ഒരു ലക്ഷത്തോളം ആരാധകർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മേളയാണ് ഈസ്റ്റർ വാരാന്ത്യത്തിന് തൊട്ടുമുമ്പ് ഒഴിവാക്കപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *