പൊതുശൗചാലയത്തിൽ ഒളിക്യാമറ;സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി പിടിയില്‍

മെൽബൺ: പൊതുശൗചാലയങ്ങളിൽ ഒളിക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ ബയോമെഡിക്കൽ വിദ്യാർത്ഥിക്ക് കോടതി ശിക്ഷ വിധിച്ചു. 23 വയസ്സുകാരനായ ബാവോ ഫുക്ക് കാവോ (Bao Phuc Cao) ആണ് നൂറിലധികം ഒളിക്യാമറ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതിന് പിടിയിലായത്. മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്.

2025 ഫെബ്രുവരി 20-ന് ഡോക്ക്‌ലാൻഡ്‌സിലെ ഒരു കഫേയിലെ ശൗചാലയത്തിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ യുവതി ശൗചാലയം ഉപയോഗിക്കുന്നതിനിടെ തൊട്ടടുത്ത ക്യാബിനിൽ നിന്നും ഭിത്തിയോട് ചേർത്ത് ഐഫോൺ വഴി ദൃശ്യങ്ങൾ പകർത്തിയത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. പരിഭ്രാന്തയായ യുവതി ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടുകയും ചെയ്തു.

ഈ സംഭവം തനിക്ക് കടുത്ത മാനസികാഘാതമുണ്ടാക്കിയതായി യുവതി കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ പറയുന്നു. ഇപ്പോൾ പൊതുശൗചാലയങ്ങൾ ഉപയോഗിക്കാൻ തനിക്ക് ഭയമാണെന്നും, ജോലിസ്ഥലത്തോ മറ്റ് പൊതുസ്ഥലത്തോ പോകുമ്പോൾ വലിയ തോതിലുള്ള ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെന്നും അവർ വ്യക്തമാക്കി.പ്രതിയുടെ പ്രവർത്തി സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇരയുടെ സുരക്ഷാബോധത്തെ ഇത് ആജീവനാന്തം ബാധിക്കുമെന്നും മജിസ്‌ട്രേറ്റ് മിഷേൽ മൈക്കിറ്റോവിച്ച് നിരീക്ഷിച്ചു.

പ്രതിയുടെ കുറ്റസമ്മതവും പ്രായവും പരിഗണിച്ച്, 12 മാസത്തെ സദ്‌സ്വഭാവം ഉറപ്പാക്കുന്ന ബോണ്ടിന്മേൽ (Adjourned undertaking) ശിക്ഷയില്ലാതെ ഇയാളെ വിട്ടയച്ചു. നേരത്തെയും സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾ പിടിയിലായിട്ടുണ്ട്. കോടതി ഇയാളുടെ ഫോൺ തിരികെ നൽകാൻ ഉത്തരവിട്ടെങ്കിലും അതിലെ ദൃശ്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്തെന്ന് ഉറപ്പുവരുത്താൻ അധികൃതർക്ക് നിർദ്ദേശം നൽകി. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം അനുഭവപ്പെടണമെന്നും ഇത്തരം കുറ്റകൃത്യങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *