സിഡ്‌നി: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഓസ്‌ട്രേലിയയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പെട്രോളും ഡീസലും ശേഖരിച്ച് ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് വഴി ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കാലാവസ്ഥാ വ്യതിയാന-ഊർജ്ജ വകുപ്പ് മന്ത്രി ക്രിസ് ബോവൻ. ഇത്തരക്കാരുടെ നടപടി ‘അൺ-ഓസ്‌ട്രേലിയൻ’ ആണെന്ന് വിശേഷിപ്പിച്ച മന്ത്രി, പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിൽ E10 ഇന്ധനത്തിന് ലിറ്ററിന് 2.30 ഡോളറിന് അടുത്താണ് വില. ഈ സാഹചര്യം മുതലെടുത്ത് പലരും ജെറി കാനുകളിൽ ഇന്ധനം നിറച്ച് സോഷ്യൽ മീഡിയ വഴി പരസ്യം നൽകി വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു ഫേസ്ബുക്ക് ലിസ്റ്റിംഗിൽ രണ്ട് 20 ലിറ്റർ ക്യാൻ പ്രീമിയം പെട്രോളിന് 450 ഡോളറാണ് വിലയിട്ടിരിക്കുന്നത്.
രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും എണ്ണക്കപ്പലുകൾ നിശ്ചയിച്ച സമയക്രമത്തിൽ തന്നെ എത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. “ഓസ്‌ട്രേലിയക്കാരോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങൾക്ക് ആവശ്യമുള്ളത്ര മാത്രം ഇന്ധനം വാങ്ങുക, അതിൽ കൂടുതലോ കുറവോ വേണ്ട,” ബോവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനാവശ്യമായി ഇന്ധനം സംഭരിക്കുന്നത് വിതരണ ശൃംഖലയെ ബാധിക്കുമെന്നും ഏതൊരു വെല്ലുവിളിയെയും നേരിടാൻ സർക്കാർ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

