ക്വീൻസ്‌ലൻഡിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു; പ്രളയ ഭീഷണിയിൽ ലോംഗ്‌റീച്ചും

ബ്രിസ്‌ബേൻ: പ്രളയക്കെടുതിയിൽ ഉഴലുന്ന ക്വീൻസ്‌ലൻഡിൽ ഹൗസ്‌ബോട്ടിൽ നിന്നും ഒരാളെ കാണാതായി. ബണ്ടബെർഗ് മേഖലയിലെ ബർണറ്റ് ഹെഡ്‌സിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഒരാൾ വെള്ളത്തിൽ വീണതായും പിന്നീട് തിരികെ വന്നില്ലെന്നുമുള്ള വിവരത്തെത്തുടർന്നാണ് പോലീസും എമർജൻസി സർവീസും തിരച്ചിൽ ആരംഭിച്ചത്.

ബർണറ്റ് നദിയിലെ ആഡംസ് സ്ട്രീറ്റിന് സമീപമാണ് സംഭവം നടന്നത്. കനത്ത പ്രളയം ബാധിച്ച ഈ മേഖലയിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. കാണാതായ ആൾക്കായി വിപുലമായ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ബർണറ്റ് നദിയിൽ വെള്ളം 7.4 മീറ്റർ വരെ ഉയർന്നതിനെത്തുടർന്ന് ബണ്ടബെർഗിലെ നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായിരുന്നു. മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഴം പറിക്കൽ ജോലിക്കായി ഇവിടേക്ക് എത്തിയ രണ്ട് ചൈനീസ് വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.

സംസ്ഥാനത്തിന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്തുള്ള ലോംഗ്‌റീച്ചിലേക്കാണ് ഇനി പ്രളയ ഭീഷണി നീങ്ങുന്നത്. തോംസൺ നദിയിൽ ഞായറാഴ്ചയോടെ വലിയ തോതിൽ വെള്ളം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 6.5 മുതൽ 7 മീറ്റർ വരെ ജലനിരപ്പ് ഉയർന്നേക്കാമെന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു. ശനിയാഴ്ചയോടെ പല പ്രധാന ഹൈവേകളും വെള്ളത്തിനടിയിലാകാൻ സാധ്യതയുള്ളതിനാൽ മേഖല ഒരാഴ്ചയോളം ഒറ്റപ്പെട്ടേക്കാം.

Leave a Reply

Your email address will not be published. Required fields are marked *