മെൽബൺ: കമ്മ്യൂണിറ്റി സേവനരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് വിക്ടോറിയൻ സർക്കാരിന്റെ 2026-ലെ ‘സീനിയർ ഓഫ് ദ ഇയർ’ പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ വംശജരായ ജഗ്ദീപ് സുഖിജയും മഹേന്ദ്രകുമാർ പട്ടേലും. സമൂഹത്തിന് മാതൃകയാകുന്ന നിസ്വാർത്ഥ സേവനങ്ങളിലൂടെ മാറ്റങ്ങൾ കൊണ്ടുവന്നതിനാണ് ഇരുവരെയും ഈ അഭിമാനകരമായ പുരസ്കാരം നൽകി ആദരിച്ചത്.
ജഗ്ദീപ് സുഖിജയുടെ നേതൃത്വത്തിൽ നടന്ന ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പയിൻ വഴി രണ്ട് വനിതകളിൽ രോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനും ജീവൻ രക്ഷിക്കാനുമുള്ള ചികിത്സ ഉറപ്പാക്കാനും സാധിച്ചിരുന്നു. അതേസമയം, പ്രായമായ കുടിയേറ്റക്കാർക്കും അവശതയനുഭവിക്കുന്നവർക്കുമായി പതിനായിരത്തിലധികം സൗജന്യ ഭക്ഷണപ്പൊതികൾ ഒരുക്കി വിതരണം ചെയ്തതിനാണ് മഹേന്ദ്രകുമാർ പട്ടേൽ പുരസ്കാരത്തിന് അർഹനായത്. പ്രവാസലോകത്ത് സഹജീവികൾക്ക് താങ്ങായി നിലകൊള്ളുന്ന ഈ രണ്ട് മാതൃകാ വ്യക്തിത്വങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപകമായ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.

