ബ്രിസ്‌ബെയ്ൻ: ബ്രിസ്‌ബെയ്‌നിൽ ഇന്ത്യൻ-ഓസ്‌ട്രേലിയൻ കുടുംബത്തിന് നേരെ വംശീയ അധിക്ഷേപവും ബോംബ് ഭീഷണിയും ഉണ്ടായതായി പരാതി. മോർണിംഗ്‌സൈഡിലെ ഒരു അപ്പാർട്ട്‌മെന്റ് കോംപ്ലക്സിൽ താമസിക്കുന്ന കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന് കടുത്ത ഭീതിയിലായ കുടുംബം വാടകക്കരാർ റദ്ദാക്കി ഇന്ത്യയിലേക്ക് തന്നെ മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.
സംഭവത്തിൽ ഹാർലി ആഡംസ് എന്ന പത്തൊൻപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുടുംബത്തിന് നേരെ വംശീയ അധിക്ഷേപങ്ങൾ ചൊരിയുകയും താമസസ്ഥലമായ കെട്ടിടം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് ആരോപിക്കുന്നു. അക്രമിയുടെ പെരുമാറ്റത്തിൽ ഭയന്നുവിറച്ച കുടുംബം സുരക്ഷിതത്വം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രാജ്യം വിട്ട് മടങ്ങാൻ ആലോചിക്കുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

