മെൽബണിലെ പുകയില മാഫിയയെ പൂട്ടാൻ വിക്ടോറിയൻ സർക്കാർ; നിയമലംഘകർക്ക് 15 വർഷം തടവും കോടികൾ പിഴയും!

മെൽബൺ: മെൽബണിൽ തുടരുന്ന പുകയില മാഫിയാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയ്ക്കും അനുബന്ധ കുറ്റകൃത്യങ്ങൾക്കും അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് കർശനമായ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ വിക്ടോറിയൻ സർക്കാർ ഒരുങ്ങുന്നു. അനധികൃത പുകയില വിൽപന നടത്തുന്ന കടകൾ നിർബന്ധപൂർവ്വം അടച്ചുപൂട്ടാൻ അധികൃതർക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമനിർമ്മാണം. ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണ് വിക്ടോറിയയിൽ കൊണ്ടുവരുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 200-ലധികം തീവെപ്പ് സംഭവങ്ങൾക്കും രണ്ട് കൊലപാതകങ്ങൾക്കും കാരണമായ സംഘടിത കുറ്റവാളി ഗ്രൂപ്പുകളെ സഹായിക്കുന്ന റീട്ടെയിൽ കടകളെയാണ് പുതിയ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ നിയമപ്രകാരം, പരിശോധന നടത്തുന്ന ഇൻസ്പെക്ടർമാർക്ക് അനധികൃത പുകയില വിൽപന നടത്തുന്ന കടകൾ കണ്ടെത്തിയാൽ 90 ദിവസം വരെ അപ്പോൾത്തന്നെ അടച്ചുപൂട്ടാൻ അധികാരമുണ്ടാകും. കൂടാതെ, കോടതികൾക്ക് ഇത്തരം കടകൾക്ക് നിശ്ചിത സമയപരിധിയില്ലാത്ത ദീർഘകാല പൂട്ടൽ ഉത്തരവുകൾ നൽകാനും സാധിക്കും.

അനധികൃത വിൽപനയിൽ ഏർപ്പെടുന്ന കടകളുടെ വാടക കരാർ റദ്ദാക്കാൻ കെട്ടിട ഉടമകൾക്കും നിയമപരമായ അധികാരം നൽകും. നിയമലംഘനം നടത്തുന്ന വ്യക്തികൾക്ക് 3.70 ലക്ഷം ഡോളർ വരെ പിഴയോ അല്ലെങ്കിൽ 15 വർഷം വരെ തടവോ ശിക്ഷ ലഭിക്കാം.

“അനധികൃത പുകയില വിൽപന ഇരകളില്ലാത്ത കുറ്റകൃത്യമല്ല,” എന്ന് കാസിനോ, ഗെയിമിംഗ്, മദ്യ നിയന്ത്രണ വകുപ്പ് മന്ത്രി എൻവർ എർദോഗൻ പറഞ്ഞു. ഇത്തരം മാഫിയാ സംഘങ്ങൾ നിയമങ്ങൾ പാലിക്കുന്ന നിയമാനുസൃതമായ ബിസിനസ്സുകളെ തകർക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നവംബർ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ നിയമം നടപ്പിലാക്കാനാണ് വിക്ടോറിയൻ സർക്കാരിന്റെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *