ദൃഷ്ടി 2026′: ഓസ്ട്രേലിയ–ന്യൂസിലൻഡ് മലയാളി കണ്ടന്റ് ക്രിയേറ്റർമാരുടെ മഹാസംഗമം ഒക്ടോബർ 31-ന് ബ്രിസ്ബേനിൽ

ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും മലയാളി കണ്ടന്റ് ക്രിയേറ്റർമാർ ഒത്തുചേരുന്ന പ്രഥമ മെഗാ സംഗമം ‘ദൃഷ്ടി 2026’ ഒക്ടോബർ 31 ശനിയാഴ്ച ബ്രിസ്ബേനിൽ അരങ്ങേറും. ഫോറസ്റ്റ് ലേക്കിലെ ലൈറ്റ്ഹൗസ് കമ്മ്യൂണിറ്റി ആൻഡ് ഇവന്റ് സെന്ററിലാണ് (Lighthouse Community and Event Centre) പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ‘സമുദ്രങ്ങൾക്കപ്പുറത്തുള്ള മലയാളി ക്രിയേറ്റർമാരെ ശാക്തീകരിക്കുക’ എന്ന പ്രമേയത്തിൽ ‘AUS-NZ മലയാളി കണ്ടന്റ് ക്രിയേറ്റേഴ്‌സ്’ കൂട്ടായ്മയാണ് ഈ വിപുലമായ ഒത്തുചേരലിന് നേതൃത്വം നൽകുന്നത്.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വൈശാഖ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പ്രമുഖ മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ ‘ട്രിക്സ്മാനിയ 2.0’ ലൈവ് ഷോ മുഖ്യ ആകർഷണമാകും. ഇതിനുപുറമെ വിവിധ കലാപരിപാടികൾ, ക്രിയേറ്റർമാർക്കുള്ള പുരസ്കാര വിതരണം, ഡിജെ സംഗീതനിശ, വിഭവസമൃദ്ധമായ അത്താഴം എന്നിവയും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തുന്ന അതിഥികൾക്കായി പ്രത്യേക താമസ സൗകര്യങ്ങളും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം പങ്കെടുക്കാവുന്ന പരിപാടിയിലേക്ക് പ്രവേശനം പരിമിതമായ സീറ്റുകളിലേക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *