മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയ സംഘടനയുടെ 2026 ഗവേണിംഗ് കൗൺസിലിനെ തിരഞ്ഞെടുത്തു. വിക്ടോറിയയിലെ മലയാളി ഡോക്ടർമാർക്കിടയിൽ സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള MDV യുടെ വൈവിധ്യമായ പ്രൊഫഷണൽ, വിദ്യാഭ്യാസ,കമ്മ്യൂണിറ്റി സംരംഭങ്ങൾക്ക് പുതിയ ഗവേണിംഗ് കൗൺസിൽ നേതൃത്വം നൽകും.
സംഘടനയുടെ ചെയർപേഴ്‌സണായി ഡോ. ശ്രീരേഖ വടശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു. ഡോ.രഞ്ജിത്ത് പടോളി വൈസ് ചെയർപേഴ്‌സണായും ഡോ.സുജിത് അയ്യപ്പൻ സെക്രട്ടറിയായും പ്രവർത്തിക്കും.ഡോ. ചെറിയാൻ പോൾ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.ഡോ.ശ്രീസന്ധ്യ ശ്രീനിവാസൻ, ഡോ.സാം പടാരി, ഡോ.ദീപ ബാല കൃഷ്ണൻ,ഡോ.അരുൺ അബ്ദുൾ അസീസ്, ഡോ.അരുൺ പാലയാട്, ഡോ.ജനാർദനൻ നാരായണ സ്വാമി,ഡോ.ദീപ നാപ്പള്ളി എന്നിവരാണ് മറ്റ് കൗൺസിൽ അംഗങ്ങൾ.സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും അംഗങ്ങൾക്കിടയിൽ കൂടുതൽ പങ്കാളിത്തം വളർത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് നേതൃസംഘം അറിയിച്ചു.
ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ താമസിക്കുന്നതും പ്രാക്ടീസ് ചെയ്യുന്നതുമായ കേരള വംശജരായ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്നതിനായി സ്ഥാപിതമായ പ്രൊഫഷണൽ അസോസിയേഷനാണ് മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയ (MDV). അംഗങ്ങൾക്കിടയിൽ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ്, സഹകരണം, പരസ്പര പിന്തുണ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. തുടർ വിദ്യാഭ്യാസ പരിപാടികൾ, സമൂഹാരോഗ്യ സംരംഭങ്ങൾ,സന്നദ്ധസേവന പ്രവർത്തനങ്ങൾ, കൂടാതെ ഓണം ആഘോഷങ്ങൾ പോലുള്ള സാംസ്കാരിക സാമൂഹിക പരിപാടികൾ തുടങ്ങിയവയിലൂടെ മലയാളി മെഡിക്കൽ പ്രൊഫഷണലുകളെയും അവരുടെ കുടുംബങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി സംഘടന പ്രയത്നിക്കുന്നു.ഓസ്‌ട്രേലിയയിൽ പുതുതായി എത്തുന്ന മലയാളി ഡോക്ടർമാർക്ക് പ്രൊഫഷണൽ രംഗത്തും സമൂഹജീവിതത്തിലും ആവശ്യമായ പിന്തുണയും മാർഗനിർദ്ദേശവും നൽകുന്നതിലും സംഘടന സജീവമായി പ്രവർത്തിക്കുന്നു.
നിരവധി ആവേശകരമായ പരിപാടികളാണ് MDV ഈ വർഷം ആസൂത്രണം ചെയ്തിട്ടുള്ളത്. Autumn ഗെറ്റ്-ടുഗെതർ, ആർട്ട് എക്സിബിഷൻ, ഓണാഘോഷം, ‘ഹെൽത്ത് ആൻഡ് വെൽത്ത്’ വിദ്യാഭ്യാസ സെമിനാർ, സ്പോർട്സ് ഡേ, ബാഡ്മിന്റൺ ടൂർണമെന്റ്, യുവജനവിഭാഗ രൂപീകരണം, രക്തദാന അവയവദാന ക്യാമ്പ്, ടാലന്റ് നൈറ്റ്, മാനസികാരോഗ്യവും സ്ത്രീജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

