മെൽബൺ / സിഡ്നി: ഓസ്‌ട്രേലിയൻ സർക്കാരിന്റെ വരാനിരിക്കുന്ന പത്തുവർഷത്തെ ദേശീയ ഏഷ്യൻ കാര്യശേഷി നയത്തിൽ (National Asia Capability Strategy) ഹിന്ദിക്കൊപ്പം തമിഴ് ഭാഷയ്ക്കും മുൻഗണനാ പദവി നൽകണമെന്ന ആവശ്യവുമായി ഓസ്‌ട്രേലിയയിലെ തമിഴ് സമൂഹം രംഗത്ത്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് സ്റ്റാൻഡിംഗ് കമ്മിറ്റി ഓൺ എഡ്യൂക്കേഷൻ 2026 ജൂണിൽ സമർപ്പിച്ച ശുപാർശകളിൽ തമിഴിനെ തഴഞ്ഞതിനെതിരെയാണ് കമ്മ്യൂണിറ്റിയുടെ ഭാഗത്തുനിന്ന് കാമ്പയിൻ ശക്തമാകുന്നത്.
കമ്മിറ്റിയുടെ റിപ്പോർട്ടിൽ മാൻഡരിൻ, ഇന്തോനേഷ്യൻ, ജാപ്പനീസ് എന്നിവയ്ക്കൊപ്പം ഹിന്ദിയെയും മുൻഗണനാ പട്ടികയിൽ (Priority Asian Languages) ഉൾപ്പെടുത്തിയപ്പോൾ തമിഴിനെ ‘പിന്തുണയ്ക്കപ്പെടുന്ന’ (Supported category) വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഭാഷാ സമൂഹങ്ങളിലൊന്നായ തമിഴിനെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് നീതിയുക്തമല്ലെന്നും, നയതന്ത്രപരമായും വ്യാപാരപരമായും തമിഴ് ഭാഷയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഹിന്ദിക്ക് തുല്യമായ പദവി നൽകണമെന്നുമാണ് കമ്മ്യൂണിറ്റിയുടെ പ്രധാന ആവശ്യം.
ഓസ്‌ട്രേലിയൻ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഏഷ്യൻ ഭാഷകൾ പഠിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഫണ്ടിംഗിലും മറ്റ് ആനുകൂല്യങ്ങളിലും മുൻഗണനാ വിഭാഗത്തിലുള്ള ഭാഷകൾക്കാണ് കൂടുതൽ പരിഗണന ലഭിക്കുക. അതിനാൽ, പുതിയ ഭാഷാ നയം അന്തിമമാക്കുന്നതിന് മുൻപ് തമിഴിനെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫെഡറൽ സർക്കാരിനും വിദ്യാഭ്യാസ സമിതിക്കും കമ്മ്യൂണിറ്റി പ്രതിനിധികൾ നിവേദനം സമർപ്പിച്ചിട്ടുണ്ട്.

