ഇറാൻ സുരക്ഷാ കൗൺസിൽ തലവൻ അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ

തെഹ്‌റാൻ: ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെഹ്‌റാനിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) നടത്തിയ കൃത്യമായ സൈനിക നീക്കത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു.

തിങ്കളാഴ്ച രാത്രി തെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ലാരിജാനി ലക്ഷ്യമിടപ്പെട്ടത്. ഇറാനിലെ പാരാമിലിറ്ററി വിഭാഗമായ ‘ബസീജ്’ (Basij) സേനയുടെ കമാൻഡർ ഗുലാംറേസ സുലൈമാനിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്.ലാരിജാനിയുടെ മരണവാർത്ത ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇസ്രായേലിന്റെ അവകാശവാദം പുറത്തുവന്നതിന് പിന്നാലെ, ലാരിജാനി എഴുതിയതെന്ന് പറയപ്പെടുന്ന ഒരു കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. ഇസ്രായേൽ വാർത്ത തെറ്റാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണിതെന്ന് നിരീക്ഷിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *