ഗുണത്തേക്കാളേറെ ദോഷം; ഔഷധ കഞ്ചാവ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗവേഷകർ

സിഡ്‌നി: ഓസ്‌ട്രേലിയയിൽ സമീപകാലത്തായി ഔഷധ കഞ്ചാവിന്റെ (Medicinal cannabis) ഉപയോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും, ഇത് പലരിലും ഗുണത്തേക്കാളേറെ ദോഷം ചെയ്യാൻ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം പ്രിസ്ക്രിപ്ഷനുകളാണ് ഓസ്‌ട്രേലിയയിൽ അംഗീകരിക്കപ്പെട്ടത്. കഞ്ചാവ് അടങ്ങിയ മരുന്നുകളുടെ വിൽപ്പനയിൽ മൂന്നിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏകദേശം ഏഴ് ലക്ഷത്തിലധികം ഓസ്‌ട്രേലിയക്കാർ മാനസികാരോഗ്യ പ്രശ്നങ്ങളടക്കം മുന്നൂറോളം രോഗാവസ്ഥകൾക്കായി ഔഷധ കഞ്ചാവ് ഉപയോഗിക്കുന്നതായാണ് കണക്ക്. എന്നാൽ, ഉത്കണ്ഠ,വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്നിവ ചികിത്സിക്കാൻ ഔഷധ കഞ്ചാവ് ഫലപ്രദമാണെന്നതിന് തെളിവുകളില്ലെന്ന് സിഡ്‌നി സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി.

ഇത്തരം രോഗാവസ്ഥകൾക്ക് ഔഷധ കഞ്ചാവ് നൽകുന്നതിനെ ചോദ്യം ചെയ്യുന്നതാണ് പുതിയ കണ്ടെത്തലുകൾ. ഔഷധ കഞ്ചാവിന്റെ പതിവായ ഉപയോഗം മാനസികാരോഗ്യത്തെ കൂടുതൽ വഷളാക്കിയേക്കാമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജാക്ക് വിൽസൺ മുന്നറിയിപ്പ് നൽകുന്നു. ഇത് മാനസിക വിഭ്രാന്തിക്കും , കഞ്ചാവിനോടുള്ള അടിമത്തത്തിനും കാരണമായേക്കാം. കൂടാതെ, കൂടുതൽ ഫലപ്രദമായ മറ്റ് ചികിത്സകൾ സ്വീകരിക്കുന്നത് വൈകാനും ഇത് ഇടയാക്കും.

അതേസമയം, ഓട്ടിസം, ഉറക്കമില്ലായ്മ, ടൂറെറ്റ് സിൻഡ്രോം തുടങ്ങിയവയുടെ ചികിത്സയിൽ ഇത് ഗുണകരമായേക്കാമെന്ന് സൂചനകളുണ്ടെങ്കിലും ഇതിന് മതിയായ തെളിവുകൾ ലഭ്യമല്ല. ലഹരി പദാർത്ഥങ്ങളോടുള്ള ആസക്തി കുറയ്ക്കാൻ ഇത് നൽകാറുണ്ടെങ്കിലും കൊക്കൈൻ ഉപയോഗിക്കുന്നവരിൽ ഇത് ലഹരിയോടുള്ള ആസക്തി വർദ്ധിപ്പിക്കാനാണ് സഹായിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ, ഔഷധ കഞ്ചാവ് കുറിച്ച് നൽകുന്നതിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *