നേപ്പാളിൽ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഠ്മണ്ഡു: കിഴക്കൻ നേപ്പാളിലെ ഖോട്ടാങ് ജില്ലയിൽ ലാൻഡിംഗിനിടെ ഹെലികോപ്റ്റർ തകർന്നു വീണു. ബുധനാഴ്ച രാവിലെ 11:51-ഓടെ ഖോട്ടാങ്ങിലെ ബെലാബെസി ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തിൽ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എയർ ഡൈനസ്റ്റി ഹെലി സർവീസ് (Air Dynasty Heli Service) കമ്പനിയുടെ 9N-ASQ എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

കാഠ്മണ്ഡുവിൽ നിന്നും ഖോട്ടാങ്ങിലേക്ക് മൃതദേഹവുമായി പോയ ഹെലികോപ്റ്ററാണ് ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടമായി തകർന്നത്. അപകടസമയത്ത് പൈലറ്റ് ഉൾപ്പെടെ ആറ് പേർ വിമാനത്തിലുണ്ടായിരുന്നു. ലാൻഡിംഗിന് തൊട്ടുമുമ്പ് ഹെലികോപ്റ്റർ തകിടം മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വലിയ ദുരന്തം ഒഴിവായെങ്കിലും കാജി ബഹാദൂർ റായ് എന്ന യാത്രക്കാരന് പരിക്കേറ്റു. ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലേക്ക് മാറ്റി. പൈലറ്റ് സബിൻ ഥാപ്പയും മറ്റ് യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പ്രദേശത്തെ കനത്ത കാറ്റും ലാൻഡിംഗ് സമയത്ത് അന്തരീക്ഷത്തിൽ ഉയർന്ന പൊടിപടലങ്ങളും കാഴ്ചാപരിധി കുറച്ചതാണ് അപകടത്തിന് പ്രാഥമിക കാരണമായി കരുതപ്പെടുന്നത്. ഹെലികോപ്റ്ററിന്റെ ബാലൻസ് നഷ്ടപ്പെടാൻ ഇത് കാരണമായെന്ന് എയർ ഡൈനസ്റ്റി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *