നഗരഹൃദയങ്ങളെ കൈവിട്ട് ഓസ്‌ട്രേലിയക്കാർ; പ്രാദേശിക വിപണികളിൽ വൻ മുന്നേറ്റം

മെൽബൺ/സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രധാന നഗരകേന്ദ്രങ്ങളെ (CBD) ഒഴിവാക്കി ജനങ്ങൾ പ്രാദേശിക നഗരങ്ങളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും ചേക്കേറുന്നതായി പുതിയ പഠനറിപ്പോർട്ട്. പ്രമുഖ ഫിനാൻഷ്യൽ സർവീസ് പ്ലാറ്റ്‌ഫോമായ ‘സ്ക്വയർ’ (Square) പുറത്തുവിട്ട കണക്കുകൾ പ്രകാരം, അഞ്ചിലൊന്ന് ഓസ്‌ട്രേലിയക്കാരും ഇപ്പോൾ നഗരഹൃദയങ്ങളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുകയാണ്.

സിഡ്‌നി സിബിഡിയിലെ ചെലവിടലിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ, മെൽബണിൽ ഇത് 39 ശതമാനമെന്ന വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.40 ശതമാനം ആളുകളും ഷോപ്പിംഗിനോ ഭക്ഷണത്തിനോ വേണ്ടി മാസത്തിലൊരിക്കൽ പോലും പ്രധാന നഗരങ്ങളിലേക്ക് പോകുന്നില്ല. ഏകദേശം 20 ശതമാനം പേർ നഗരകേന്ദ്രങ്ങളെ പൂർണ്ണമായും ഉപേക്ഷിച്ചു.78 ശതമാനം ആളുകളും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാൻ സ്വന്തം താമസസ്ഥലത്തിന് അടുത്തുള്ള ഇടങ്ങളാണ് തിരഞ്ഞെടുക്കുന്നത്. 75 ശതമാനം പേരും പ്രാദേശിക കഫേകളെയാണ് ആശ്രയിക്കുന്നത്.

കോവിഡ് കാലത്തെ ലോക്ക്ഡൗണുകളിൽ ആരംഭിച്ച ഈ മാറ്റം 2026-ലും ശക്തമായി തുടരുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് (Cost of living) ജനങ്ങളെ കൂടുതൽ മിതവ്യയ ശീലങ്ങളിലേക്ക് നയിക്കുന്നു. സർവ്വേയിൽ പങ്കെടുത്ത 68 ശതമാനം പേരും തങ്ങളുടെ പ്രതിവാര ഷോപ്പിംഗിനും മറ്റ് ആവശ്യങ്ങൾക്കുമായി വീടിനടുത്തുള്ള കുറഞ്ഞ നിരക്കിലുള്ള ഓപ്ഷനുകളാണ് തേടുന്നത്.

നഗരകേന്ദ്രങ്ങൾ വെറും തിരക്കിനെ മാത്രം ആശ്രയിക്കുമ്പോൾ, പ്രാദേശിക ബിസിനസ്സുകൾ ഉപഭോക്താക്കളുടെ വിശ്വസ്തതയിലൂടെയാണ് (Loyalty) വളരുന്നതെന്ന് സ്ക്വയറിലെ ഹെഡ് ഓഫ് അക്കൗണ്ട് മാനേജ്‌മെന്റ് ഡേവിഡ് ഷനാബൽ പറഞ്ഞു. പലിശ നിരക്കിലെ വർദ്ധനവും ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളും സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും, പ്രാന്തപ്രദേശങ്ങളിലെ ചെറുകിട ബിസിനസ്സുകൾ ഈ പ്രതിസന്ധിയെ അതിജീവിക്കാൻ കൂടുതൽ പ്രാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കളെ വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങൾ പയറ്റുന്ന പ്രാദേശിക സംരംഭങ്ങളാണ് വരും വർഷങ്ങളിൽ വിപണി ഭരിക്കുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *