നരൂമയിൽ സായുധ കവർച്ചയും വെടിവയ്പ്പും: കാർ തട്ടിയെടുത്ത് രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ

നരൂമ (NSW): ന്യൂ സൗത്ത് വെയിൽസിന്റെ തെക്കൻ തീരപ്രദേശമായ നരൂമയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന സായുധ കവർച്ചയ്ക്കിടെ യുവാവിന് വെടിയേറ്റു. ഇന്നലെ രാത്രി പത്തരയോടെ കാംബെൽ സ്ട്രീറ്റിലെ ഹോട്ടലിലാണ് സംഭവം. വെടിയേറ്റ മുപ്പത്തിയൊന്നുകാരനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മോറുവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില നിലവിൽ തൃപ്തികരമാണ്.

ഹോട്ടലിൽ അതിക്രമിച്ചു കയറിയ അജ്ഞാതൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ഇതിനിടെ യുവാവിനെ വെടിവയ്ക്കുകയുമായിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ട് ഹോട്ടലിനുള്ളിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയ ശേഷം പ്രതി പുറത്തിറങ്ങി. തുടർന്ന് സമീപത്തെ കാർ പാർക്കിംഗിൽ ഉണ്ടായിരുന്ന പതിനേഴുകാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനം തട്ടിയെടുത്ത് രക്ഷപ്പെട്ടു.

പ്രതി കടന്നുകളഞ്ഞ വാഹനം പിന്നീട് നരൂമയിലെ പ്രിൻസസ് ഹൈവേയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാർ പൂർണ്ണമായും തീയിട്ടു നശിപ്പിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *