മസ്‌കറ്റ്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. പാലക്കാട് തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റംല എന്ന സ്ത്രീയെയാണ് പ്രളയത്തിൽ കാണാതായത്.
ശനിയാഴ്ച ഒമാനിലെ അൽ ബാത്തിന ഗവർണറേറ്റിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്നുണ്ടായ ശക്തമായ മഴയെത്തുടർന്ന് മിന്നൽ പ്രളയത്തിൽ (വാദി) ഒഴുക്കിൽപ്പെടുകയായിരുന്നു. മരിച്ചവർ തൃത്താല സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.കാണാതായ റംലയ്ക്കായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെനേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഒമാൻ അധികൃതരുമായി ഏകോപനം നടത്തി തിരച്ചിൽ ഊർജിതമാക്കണമെന്നും ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

