ന്യൂഡൽഹി: വിദേശ നിർമ്മിത അജണ്ടകൾ ഇന്ത്യയിലേക്ക് കടത്തിവിട്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതായി ആരോപിച്ച് ഡോ. എസ്. രാധാകൃഷ്ണൻ. വിയറ്റ്നാമിലെ ഫുൾബ്രൈറ്റ് സർവകലാശാലയുമായി (Fulbright University Vietnam) രാഹുൽ ഗാന്ധിക്കുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ട് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
അധ്യാപകനോ വിദ്യാർത്ഥിയോ അക്കാദമിക് പശ്ചാത്തലമുള്ള ആളോ അല്ലാതിരുന്നിട്ടും രാഹുൽ ഗാന്ധി എന്തിനാണ് ഈ സ്വകാര്യ സർവകലാശാലയിൽ നിരന്തരം സന്ദർശനം നടത്തുന്നതെന്ന് പോസ്റ്റിൽ ചോദിക്കുന്നു. വിദേശത്തുനിന്നുള്ള രഹസ്യ നിർദേശങ്ങൾ സ്വീകരിക്കാനും ധനസഹായം കൈപ്പറ്റാനുമാണ് രാഹുൽ ഇവിടെ എത്തുന്നതെന്നാണ് പ്രധാന ആക്ഷേപം. യുഎസ് ധനസഹായത്തോടെ ഹാർവാർഡ് സർവകലാശാലയുടെ മേൽനോട്ടത്തിൽ ആരംഭിച്ച സ്ഥാപനത്തിന് പിന്നിൽ ശതകോടീശ്വരൻ ജോർജ് സോറോസിന്റെ സാമ്പത്തിക അജണ്ടയാണെന്നും, സോറോസിന്റെ ‘ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനും’ കുടുംബ ട്രസ്റ്റുകളുമാണ് സർവകലാശാലയ്ക്ക് ഫണ്ട് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിവിധ രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട സോറോസ് ശൃംഖല, സാമ്പത്തിക ലാഭത്തിനായി രാജ്യങ്ങളെ തകർക്കാനും ഇടനിലക്കാർക്ക് പണം കൈമാറാനുമുള്ള കേന്ദ്രമായി ഈ സർവകലാശാലയെ ഉപയോഗിക്കുകയാണെന്നും ആരോപണമുണ്ട്. ബംഗ്ലാദേശിൽ ഭരണമാറ്റത്തിന് വഴിയൊരുക്കിയ മുഹമ്മദ് യൂനുസും ഈ സർവകലാശാലയിലെ സന്ദർശകനായിരുന്നുവെന്ന് പറയുന്ന പോസ്റ്റിൽ, സമാനമായ രീതിയിൽ ഇന്ത്യയിലും ഭരണകൂട അട്ടിമറിക്കാണോ നീക്കമെന്നും സംശയം പ്രകടിപ്പിക്കുന്നു. ചികിത്സയ്ക്കാണ് രാഹുൽ വിയറ്റ്നാമിലേക്ക് പോകുന്നതെന്ന കോൺഗ്രസ് വിശദീകരണം തള്ളിയ അദ്ദേഹം, ആഗോള മാഫിയകളുമായുള്ള ബന്ധമാണ് യാത്രകൾക്ക് പിന്നിലെന്നും ആരോപിച്ചു.

