പഞ്ചാബിൽ 24 കിലോ ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ; ഡ്രോൺ വഴിയുള്ള ലഹരിക്കടത്ത് തകർത്തു

ചണ്ഡിഗഡ്: പഞ്ചാബിൽ വൻ ലഹരിമരുന്ന് വേട്ട. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പേരെ 24.5 കിലോ ഹെറോയിനുമായി പഞ്ചാബ് പോലീസും ബി.എസ്.എഫും ചേർന്ന് പിടികൂടി. അമൃത്സർ സ്വദേശികളായ ജഗജിത് സിംഗ് റാണ, മൻപ്രീത് സിംഗ്, റോഷൻ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.രണ്ട് ഘട്ടങ്ങളിലായാണ് പോലീസ് പരിശോധന നടത്തിയത്. ആദ്യ ഘട്ടത്തിൽ 12.1 കിലോ ഹെറോയിനും ലഹരി കടത്താൻ ഉപയോഗിച്ച മൾട്ടി-കോപ്റ്റർ ഡ്രോണും പിടിച്ചെടുത്തു. തുടർന്ന് പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും ഡ്രോണിലെ സാങ്കേതിക വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ രണ്ടാം ഘട്ട പരിശോധനയിലാണ് പ്രതികളിലൊരാളായ മൻപ്രീത് സിംഗിന്റെ വീട്ടിൽ നിന്ന് ബാക്കി 12.4 കിലോ ഹെറോയിൻ കൂടി കണ്ടെടുത്തത്.പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി അതിർത്തി കടത്തിയാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് അറിയിച്ചു. ലഹരിക്കടത്ത് സംഘത്തിന്റെ രാജ്യാന്തര ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *