ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപത്തിന് അറുതി വരുത്താനുള്ള നിർണ്ണായക നീക്കവുമായി പുതിയ മുഖ്യമന്ത്രി മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് രംഗത്തെത്തി. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കുക്കി-സോ വിഭാഗത്തിലെ നേതാക്കൾ സമാധാന ചർച്ചകൾക്കായി തയ്യാറായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രി കുക്കി-സോ വിഭാഗങ്ങൾക്ക് നേരെ സമാധാന ചർച്ചകൾക്ക് സന്നദ്ധത അറിയിച്ചതോടെയാണ് ഇതിന് കളമൊരുങ്ങിയത്. സമാധാനം പുനഃസ്ഥാപിപ്പികുന്നതിനായി വിട്ടുവീഴ്ചകൾക്കും സംവാദങ്ങൾക്കും സർക്കാർ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.മുഖ്യമന്ത്രിയുടെ ക്ഷണത്തോട് അനുകൂലമായാണ് കുക്കി-സോ നേതാക്കൾ പ്രതികരിച്ചത്. മുൻപ് ചർച്ചകളിൽ നിന്ന് വിട്ടുനിന്നിരുന്ന ഇവർ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ സമാധാനപരമായി ഉന്നയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.മണിപ്പൂരിലെ വംശീയ കലാപത്തെത്തുടർന്ന് എൻ. ബിരേൻ സിംഗ് രാജിവെച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ഒരു വർഷത്തോളം നീണ്ടുനിന്ന രാഷ്ട്രപതി ഭരണത്തിന് ഒടുവിലാണ് 2026 ഫെബ്രുവരി 4-ന് യുമ്നം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. സംസ്ഥാനത്ത് സമാധാനം തിരികെക്കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് പുതിയ സർക്കാരിന് മുന്നിലുള്ളത്.
മണിപ്പൂരിൽ സമാധാന നീക്കം: കുക്കി-സോ വിഭാഗങ്ങളുമായി ചർച്ചയ്ക്ക് വഴിതുറന്ന് പുതിയ മുഖ്യമന്ത്രി

